Connect with us

National

സത്യത്തോടൊപ്പം നില്‍ക്കുക: എം എല്‍ എമാരോട് അശോക് ഗെഹ്ലോട്ട്

Published

|

Last Updated

ജയ്പൂര്‍| സത്യത്തോടൊപ്പം നില്‍ക്കണമെന്ന് എം എല്‍ എമാരോട് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഈ മാസം 14ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹം എം എല്‍ എമാര്‍ക്ക് ഈ ആവശ്യമുന്നയിച്ച് കത്തയച്ചത്.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഇടഞ്ഞതോടെയാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കൊവിഡ്, സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് പേജ് അടങ്ങുന്ന കത്താണ് ഗെഹ്ലോട്ട് എം എല്‍ എമാര്‍ക്ക് അയച്ചത്.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ പ്രമുഖര്‍ തിരഞ്ഞെടുപ്പില്‍ പരാജയം അറിഞ്ഞവരാണ്. പക്ഷെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കണമെന്ന് താന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

വോട്ടര്‍മാര്‍ തങ്ങളെ വിശ്വസിക്കുന്നുണ്ട്. അവര്‍ക്ക് മുന്നില്‍ തെറ്റായ മാതൃക കാട്ടരുത്. നിങ്ങള്‍ വോട്ടര്‍മാരെ ശ്രവിക്കുന്നവരാകണം. നിങ്ങളുടെ കുടുംബാംഗങ്ങളായ വോട്ടര്‍മാരുടെ വികാരത്തെ മാനിക്കുമ്പോള്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

നിങ്ങള്‍ സത്യത്തിന്റെ പാതയിലെ നില്‍ക്കുവെന്ന് എനിക്ക് വിശ്വാസമുണ്ട്. പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ സമയത്ത് ജനങ്ങള്‍ കഷ്ട്ടത്തിലാണ് .ഈ സമയം സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുമ്പോഴാണ് ചിലര്‍ ഗൂഡാലോചന നടത്തി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് .ഇത് ദുഖകരമാണെന്നും ഗെഹ്ലോട്ട് കത്തില്‍ ചൂണ്ടിക്കാട്ടി. ഈ മാസം 14ന് നിയമസഭ ചേരുന്നതിന് ജൂലൈ 29ന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

Latest