Connect with us

Ongoing News

കരിപ്പൂർ വിമാന അപകടം: കർമനിരതമായി സാന്ത്വനം വളണ്ടിയർമാർ

Published

|

Last Updated

കോഴിക്കോട് | കരിപ്പൂർ വിമാനാപകട ഭൂമിയിൽ കർമനിരതമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ. അപകട വാർത്തയറിഞ്ഞ ഉടനെ സാന്ത്വനം വളണ്ടിയർമാർ ഓടിയെത്തി. നാട്ടുകാരോടൊപ്പം അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രികളിലെത്തി പരിചരണം ഉറപ്പാക്കാൻ സാന്ത്വനം വളണ്ടിയർമാരും കൈത്താങ്ങായി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സാന്ത്വനം, സഹായി ആംബുലൻസുകളും കരിപ്പൂരിൽ കുതിച്ചെത്തിയിരുന്നു. പരുക്കേറ്റ മുഴുവനാളുകളെയും ആശുപത്രികളിലേക്ക് മാറ്റുന്നത് വരെ അപകടസ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. വിവിധ ആശുപത്രികളിലേക്ക് പരുക്കേറ്റവരേയും കൊണ്ട് ഒാടുന്നത് പുലര്‍ച്ചെ വരെ നീണ്ടു.

ഇതിന് പുറമേ കേരള മുസ്‌ലിം ജമാഅത്ത് രൂപവത്കരിച്ച കരിപ്പൂർ പ്രവാസി ഹെൽപ് ഡസ്‌ക് വളണ്ടിയർമാരും രക്ഷാപ്രവർത്തനത്തിന് കൂട്ടിനുണ്ടായിരുന്നു. ഹെൽപ് ഡസ്‌കിലെ സൻഫാരിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിലെ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് അവശ്യ സേവനങ്ങളുറപ്പാക്കി. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും പരിചാരകർക്കും ബഷീർ സഖാഫി കുഴിമണ്ണ, സലീം ബാപ്പു കരിപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ കുടിവെള്ളമെത്തിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിൽ സഹായി വാദീ സലാം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് അശ്‌റഫ് കായലം, അബ്ദുൽ ജലീൽ, ശമീർ പുളിക്കൽ നേതൃത്വം നൽകി.
പരുക്കേറ്റവരെ പ്രവേശിപ്പിച്ച കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിൽ സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ, സാദത്ത് കുണ്ടുങ്ങൽ, മനാഫ് കുണ്ടുങ്ങൽ തുടങ്ങിയവർ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.

മഞ്ചേരി മെഡിക്കൽ കോളജിൽ നൗഫലിന്റെ നേതൃത്വത്തിലാണ് സേവനം ചെയ്തിരുന്നത്.
പ്രളയ സാധ്യത കണക്കിലെടുത്ത് കേരള മുസ്‌ലിം ജമാഅത്ത് സംവിധാനിച്ച സ്റ്റേറ്റ് കൺട്രോൾ ബോർഡും ജില്ലാ, സോൺ ഹെൽപ് ലൈനുകളും വിമാന ദുരന്താനുബന്ധ സേവനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഏറെ സഹായകമായി.

Latest