Connect with us

National

അയോധ്യയിലെ പള്ളിയുടെ നിര്‍മാണോദ്ഘാടനത്തിന് യോഗിയെ ക്ഷണിക്കുമെന്ന് വഖ്ഫ് ബോര്‍ഡ്

Published

|

Last Updated

ലഖ്‌നോ |  അയോധ്യയില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയ അഞ്ചേക്കറില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ നിര്‍മാണോദ്ഘാടനത്തിന് ഉത്തര്‍പ്രപദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. കോടതി ഉത്തരവ് പ്രകാരം ബാബരി ഭൂമി ക്ഷേത്ര നിര്‍മാണത്തിന് നല്‍കിയതിന് പകരം മുസ്ലിംങ്ങള്‍ക്ക് നല്‍കിയ ധന്നിപൂരിലാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പള്ളി നിര്‍മാണത്തിനായി വിട്ടുനല്‍കിയിട്ടുള്ള ധന്നിപൂരിലെ അഞ്ച് ഏക്കറില്‍ ആശുപത്രി, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചണ്‍, ഗവേഷണ കേന്ദ്രം എന്നിവയാണ് നിര്‍മിക്കുന്നത്. ഇവ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ളവയാണ്. ഈ പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് വഖ്ഫ് ബോര്‍ഡ് അംഗവും ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറിയും അഥര്‍ ഹുസൈനാണ് വ്യക്തമാക്കിയത്.

പള്ളി നിര്‍മാണോദ്ഘടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുക മാത്രമല്ല, പദ്ധതികളുടെ നിര്‍മാണത്തില്‍ സഹായിക്കുമെന്നും വഖ്ഫ് ബോര്‍ഡ് പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യോഗി ആദിത്യനാഥ് തറക്കല്ലിടല്‍ ചടങ്ങിന് വരുമോ എന്ന ചോദ്യത്തിന് ഹനഫി, ഹന്‍ബലി, ഷാഫി, മാലികി എന്നീ ഇസ്ലാമിക ചിന്താധാരകള്‍ പ്രകാരം പള്ളിക്ക് തറക്കല്ലിടാന്‍ വ്യവസ്ഥകളില്ലെന്നും അഥര്‍ ഹുസൈന്‍ വ്യക്തമാക്കി. പള്ളിക്ക് ബാബ്റി മസ്ജിദ് എന്ന പേരിടുന്നതുമായി ബന്ധപ്പെട്ട ആലോചനകളില്ലെന്നും പേര് നിലവില്‍ തീരുമാനിച്ചിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.