Connect with us

Editorial

മഹാമാരിക്കൊപ്പം പേമാരിയും

Published

|

Last Updated

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രളയം വിഴുങ്ങുകയാണോ കേരളത്തെ? കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി അതിതീവ്ര മഴയാണ് വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ദുരന്തങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കിയാണ് കൂടുതല്‍ ദുരന്തത്തിനിരയായത്. മൂന്നാര്‍ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്കു മീതെ മണ്ണിടിഞ്ഞു വീഴുകയും അതിലെ താമസക്കാരെല്ലാം മണ്ണിനടിയില്‍ അകപ്പെടുകയും ചെയ്തു. വയനാട് മേപ്പാടി മുണ്ടക്കൈ, കോഴിക്കോട് ചെമ്പുകടവ്, ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല, പന്തംമാക്കല്‍പടി തുടങ്ങിയ പ്രദേശങ്ങളിലും ഉരുള്‍പൊട്ടി നിരവധി വീടുകളും കൃഷികളും നശിച്ചു. മഴവെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ പെട്ടും വെള്ളക്കെട്ടുകളില്‍ വീണും നിരവധി പേര്‍ മരണപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ ഇടുക്കി ഏലപ്പാറ- വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്ത് രണ്ട് പേര്‍ സഞ്ചരിക്കുകയായിരുന്ന ഒരു കാര്‍ ഒഴുകിപ്പോയി.

സംസ്ഥാനത്തുടനീളം താഴ്ന്ന റോഡുകളും പ്രദേശങ്ങളും വെള്ളത്തിലാണ്. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറിയിട്ടുണ്ട് മിക്കയിടങ്ങളിലും. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം വെള്ളം ഉയര്‍ന്ന അളവിലാണ്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നാണ് ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പ്. അപകട സാധ്യത കുറക്കുന്നതിന് പല അണക്കെട്ടുകളും തുറന്നു വിട്ടിരിക്കുകയാണ്.
ഇടുക്കി പെട്ടിമുടി സെറ്റില്‍മെന്റില്‍ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന അഞ്ച് ലയങ്ങള്‍ക്കു മീതെയാണ് മണ്ണിടിഞ്ഞു വീണത്. രണ്ട് കിലോമീറ്റര്‍ അപ്പുറത്തു നിന്ന് ഉരുള്‍പൊട്ടിയെത്തിയ മണ്ണ് ലയങ്ങളെ വിഴുങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ലയങ്ങളിലെ താമസക്കാര്‍ ഉറങ്ങിക്കിടക്കെയായിരുന്നു അപകടം.

ഫോണ്‍ബന്ധമില്ലാത്തതിനാല്‍ രാവിലെ 7.30ഓടെ സമീപ വാസികള്‍ രാജമലയിലെത്തിയാണ് അധികൃതരെ വിവരമറിയിച്ചത്. ദുരന്തം രാത്രിയായതും മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്കുള്ള വഴികള്‍ തടസ്സപ്പെട്ടതും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് സമയത്തിന് സ്ഥലത്തെത്താന്‍ സാധിക്കാത്തതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി. പോലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും തകര്‍ന്ന പാലം വരെ വാഹനത്തില്‍ സഞ്ചരിച്ച് അവിടെ നിന്ന് നടന്നു മറുകരയെത്തി മറ്റൊരു വാഹനത്തിലാണ് പെട്ടിമുടിയിലെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 83 പേരാണ് ദുരന്തത്തിനിരയായ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇവരില്‍ 12 പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ 18 പേരുടെ മൃതദേഹവും ലഭിച്ചു. അവശേഷിച്ചവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ കാറ്റുവീശുന്നതും മഴ പെയ്യുന്നതും തിരച്ചില്‍ ദുഷ്‌കരമാക്കുന്നു.

ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്ത് മഴ കുറവായിരുന്നു. സംസ്ഥാനത്ത് സാധാരണഗതിയില്‍ ലഭിക്കുന്ന മഴയേക്കാള്‍ 17 ശതമാനം കുറവാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. ജൂലൈയില്‍ ഒറ്റപ്പെട്ട നല്ല മഴ ലഭിച്ചിരുന്നെങ്കിലും ശക്തമായ കാലവര്‍ഷം ഈ മാസത്തിലും മാറിനിന്നു. ആഗസ്റ്റിലേക്ക് കടന്നതോടെയാണ് കാലവര്‍ഷം രൗദ്രഭാവം പൂണ്ടുതുടങ്ങിയത്. കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി മഴ ശക്തമാണ് സംസ്ഥാനത്തുടനീളം. വരും ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കൂടുതല്‍ കനക്കുമെന്നും ചില ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. നാല് ദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഇപ്പോഴത്തെ തീവ്രമഴക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഈ ന്യൂനമര്‍ദം ഇപ്പോള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശിന് വടക്കും ഒഡീഷയുടെ തെക്കുമായി പുതുതായി രൂപപ്പെട്ടു വരുന്ന ന്യൂനമര്‍ദം കാരണം കേരളത്തില്‍ ശക്തമായി മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പേമാരിയും പ്രളയവുമുണ്ടായപ്പോള്‍ അതിന്റെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയായിരുന്നു സംസ്ഥാനത്തിന്. ഇത്തവണ കൊവിഡ് 19 ഭീതിദമായ നിലയില്‍ വ്യാപിക്കുകയും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും അതിന്റെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യവെയാണ് പ്രളയവും പ്രകൃതി ദുരന്തങ്ങളും കടന്നു വരുന്നത്. അതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ശ്രമകരമാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തേണ്ടതുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്താനും ജാഗ്രത പാലിക്കാനും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അനുഭവപ്പെട്ട മേഖലയിലുള്ളവരും, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യതാ മേഖലകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. മലയോര മേഖലകളിലേക്ക് രാത്രിയാത്ര പൂര്‍ണമായി ഒഴിവാക്കുകയും അധികൃതരുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കുകയും വേണം. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങരുതെന്നും ജലാശയങ്ങള്‍ക്ക് സമീപം കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ അരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. പ്രളയത്തെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടുന്ന ഘട്ടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ദുരന്ത ക്യാമ്പുകളായി മാറും.