Connect with us

Kerala

മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; തന്നെ തളര്‍ത്താമെന്ന് കരുതേണ്ട

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ മാധ്യമ വാര്‍ത്തകളില്‍ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണക്കടത്തിന് കൂട്ട് നിന്നുവെന്ന് വരുത്തിതീര്‍ക്കലാണോ മാധ്യമങ്ങളുടെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി ചോദിച്ചു. എത്ര ശ്രമിച്ചാലും അതിന് ഫലമുണ്ടാകില്ലെുന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത്‌കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന

ചില മാധ്യമങ്ങള്‍ പറയുന്നതിന്റെ ഉദ്ദേശ്യം നാട്ടുകാര്‍ക്ക് അറിയാം. നിങ്ങള്‍ ഒരു പ്രത്യേക രീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ നാടിന്റെ പൊതുബോധം മാറ്റിമറിക്കാന്‍ കഴിയുമോ എന്നല്ലേ നിങ്ങള്‍ നോക്കുന്നത്. അതാണോ മാധ്യമധര്‍മം. നിങ്ങള്‍ പ്രത്യേക ഉപചാപക സംഘത്തിന്റെ വക്താക്കാളായി മാറുകയല്ലേ. എന്ത് തെൡിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന തനിക്ക് എതിരെ വാര്‍ത്തകള്‍ നല്‍കുന്നത്. എന്തും വിളിച്ചുപറയാമെന്ന അവസ്ഥയല്ലേ. ഏത് നിന്ദ്യമായ രീതിയും സ്വീകരിക്കാമെന്നല്ലേ. അതിനാണോ കൂട്ടുനില്‍ക്കേണ്ടത്. തനിക്ക് അതില്‍ ഒന്നും ഒരു തരത്തിലുള്ള ആശങ്കയും ഇല്ല. കൃത്യമായ അന്വേഷണം നടന്ന് അതിന്റെ ഭാഗമായി കാര്യങ്ങള്‍ വരട്ടെ. അതല്ലേ ശ്രദ്ധിക്കേണ്ടത് – മുഖ്യമന്ത്രി ചോദിച്ചു.

സ്വാഭാവികമായ ചോദ്യമല്ല മാധ്യമങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ ആ ഉദ്യോഗസ്ഥനില്‍ ഒതുങ്ങിനില്‍ക്കുമായിരുന്നു. ഇന്ന് ചില മാധ്യമങ്ങുടെ തലക്കെട്ടുകള്‍ നോക്കൂ. അതാണോ റിപ്പോര്‍ട്ടിന്റ പൊരുള്‍. എന്താണ് നിങ്ങളുടെ ഉദ്ദേശം. മറ്റുപലര്‍ക്കും പല ഉദ്ദേശങ്ങളും കാണും. അതിന് കൂട്ടുനില്‍ക്കണോ മാധ്യമങ്ങള്‍. രാഷ്ട്രീയമായി തന്നെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കലാണോ മാധ്യമങ്ങളുടെ പണിയെന്നും മാധ്യമങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സാധാരണ നിലയിലുള്ള മാധ്യമധര്‍മം പാലിക്കണം. അതാണ് ഏറ്റവും പ്രധാനം. അത് നിങ്ങളെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എന്തെല്ലാം രീതികളാണ് സ്വീകരിക്കുന്നത്. ഇന്ന് ഒരു മാധ്യമം ഉപ്പും വൈള്ളവുമെടുത്ത് പോകുന്നത് കണ്ടു. ആരാണ് ഉപ്പ് പേറിയത്. ആരാണ് വെള്ളം എടുത്തത്. ആരാണ് വെള്ളം കുടിക്കേണ്ടിവരിക. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി തലപ്പത്തിരിക്കുന്ന താന്‍ വെള്ളം കുടിക്കേണ്ടിവരുമൊ. അത് മനസ്സില്‍ വെച്ചാല്‍ മതി. തനിക്ക് അതില്‍ ഒരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേസിന്റെ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. ഇനി അധികദിവസമൊന്നും വേണ്ടിവരില്ല. എല്ലാ കാര്യങ്ങളും പുറത്തുവരും. ആരുടെ ഒക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോള്‍ കാണാം. തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ഉയർന്ന പ്രശ്നങ്ങളിൽ താനും സർക്കാറും വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതിൻെറ ഭാഗമായാണ് ശിവശങ്കർ സസ്പെൻഷനിൽ കഴിയുന്നത്. ഇതെല്ലാം നിങ്ങൾക്ക് അറിയാം. അതുകൊണ്ട് നിങ്ങൾ തൃപ്തർ അല്ല. നിങ്ങൾ തൃപ്തരാകാത്തത് നിങ്ങൾക്ക് തൃപ്തി വരാത്തത് കൊണ്ടല്ല. നിങ്ങളെ ഈ വഴിക്ക്ക പറഞ്ഞുവിടുന്നവർക്ക് തൃപ്തി വന്നിട്ടില്ല. ആ തൃപ്തി വരണമെങ്കിൽ എന്ത് വേണം.ഈ കസേരയിൽ നിന്ന് ഞാൻ ഒഴിയണം. അത് നിങ്ങളെ ആഗ്രഹം കൊണ്ട് നടക്കില്ല. നാട്ടിലെ ജനങ്ങൾ തീരുമാനിച്ചാലേ നടക്കൂ. അത് നിങ്ങൾ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest