Connect with us

National

'ആരാണ് കൂടുതല്‍ ഹിന്ദു' എന്നതിലല്ല കോണ്‍ഗ്രസ് ബി ജെ പിയോട് മത്സരിക്കേണ്ടത്: മണിശങ്കര്‍ അയ്യര്‍

Published

|

Last Updated

ചെന്നൈ | രാമക്ഷേത്ര നിര്‍മാണത്തിലെടക്കം കൂടുതല്‍ ഹിന്ദുത്വ നിലപാടിലേക്ക് പോകുന്ന പാര്‍ട്ടി നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ രംഗത്ത്. മറ്റൊരു ബി ജെപിയാകാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുത്. ആരാണ് കൂടുതല്‍ ഹിന്ദു എന്നതിലല്ല കോണ്‍ഗ്രസ് ബി ജെ പിയോട് മത്സരിക്കേണ്ടതെന്നും ദ ഹിന്ദുവില്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തില്‍ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ന്യൂനപക്ഷ ആരാധനാലയം നിന്നിടത്ത്, അത് തകര്‍ത്തശേഷം നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ആഘോഷിക്കുംവിധം കോണ്‍ഗ്രസ് തരംതാണു. ക്ഷേത്രം നിര്‍മിക്കുന്നത് സുപ്രീംകോടതി വിധി നടപ്പാക്കലാണെന്നാണ് പറയുന്നത്. മസ്ജിദ് തകര്‍ത്തത് നിഷ്ഠുര പ്രവൃത്തിയാണെന്ന് അതേ വിധിന്യായത്തിലുള്ളത് മറക്കുന്നു. മസ്ജിദ് തകര്‍ത്തത് ആഘോഷിക്കണമെന്നല്ല, മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.

“മതനിരപേക്ഷത” എന്ന വാക്ക് കോണ്‍ഗ്രസിന്റെ പദസമ്പത്തില്‍നിന്ന് നഷ്ടമാകുകയാണ്.
ഹിന്ദുരാഷ്ട്രം എന്ന ആശയത്തിന്റെ ആഘോഷമായി ഭൂമിപൂജയും ശിലയിടലും. ഹിന്ദുരാഷ്ട്രവാദത്തെ സ്വാതന്ത്ര്യത്തിനുമുമ്പേ കോണ്‍ഗ്രസ് എതിര്‍ത്തു. ജിന്നയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന രാജ്യം ഇസ്ലാമിക രാഷ്ട്രമാകാന്‍ തീരുമാനിച്ചാല്‍പ്പോലും ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറി ജിന്നയുടെ വാദത്തിന് സാധൂകരണം നല്‍കരുതെന്ന് തീരുമാനിച്ചു. ഉറ്റ സഹചാരി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ താത്്പ്പര്യംപോലും മറികടന്ന് സോമനാഥ ക്ഷേത്രനിര്‍മാണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ ഒഴിച്ചുനിര്‍ത്താന്‍ നെഹ്റു തീരുമാനിച്ചത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനാണ്. ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ നെഹ്റു അനുവദിച്ചിരുന്നില്ലെന്നും ഇപ്പോഴത്തെ പാര്‍ട്ടി നേതാക്കളെ മണിശങ്കര്‍ അയ്യര്‍ ഓര്‍മിപ്പിക്കുന്നു.