Connect with us

National

നിയമസഭ തിരഞ്ഞെടുപ്പ്: ബീഹാറില്‍ നേരത്തെ ഇറങ്ങി രാഹുലും കോണ്‍ഗ്രസും

Published

|

Last Updated

പാറ്റ്‌ന | ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരുന്നതിന് നേരത്തെ കളത്തിലിറങ്ങി കോണ്‍ഗ്രസ്്. ഒപ്പം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഒരു തിരിച്ചുവരവിനുള്ള ശ്രമം കൂടിയാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും സഖ്യങ്ങള്‍ രൂപവത്ക്കരിക്കുന്നതിനും രാഹുല്‍ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്ന് ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ മുതല്‍ സംസ്ഥാനതല നേതാക്കള്‍ വരെ പങ്കെടുത്ത വെര്‍ച്വല്‍ റാലിയെ രാഹുല്‍ അഭിസംബോധന ചെയ്തത്. നിലവിലെ ബി ജെ പി സര്‍ക്കാറിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടി വോട്ടുപിടിക്കാനാണ് പാര്‍ട്ടിയുടെ ആദ്യ നീക്കം.

കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഉയരുന്നുവരുന്ന തൊഴിലില്ലായ്മ നിരക്കും ചൂണ്ടിക്കാട്ടി പ്രചരണം ആരംഭിക്കാന്‍ രാഹുല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പരമാവധി ഊര്‍ജ്ജത്തോടെ തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കിടലില്‍ 20 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. സഖ്യകക്ഷികളെയും സഖ്യ നേതാക്കളെയും ബഹുമാനിക്കണമെന്ന് രാഹുല്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ പ്രചാരണത്തിന്റെ എല്ലാ തലങ്ങളിലും ഇടപെടാനാണ് രാഹുലിന്റെ നീക്കം. സീറ്റ് വിഭജന ഫോര്‍മുലക്കായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ശക്തി സിങ് ഗോഹില്‍ ഈ ആഴ്ച ബീഹാറിലേക്ക് യാത്രതിരിക്കും. എല്ലാ സഖ്യകക്ഷികളുമായും ഗോഹില്‍ ചര്‍ച്ച നടത്തുമെന്നും രാഹുല്‍ അറിയിച്ചു.

അതിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ആരംഭിച്ചത് ബി ജെ പി തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയമാക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനെ പ്രതിരോധിക്കുകയാകും കോണ്‍ഗ്രസിനുള്ള പ്രധാന വെല്ലുവളി. ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയുമായി കൂടുതല്‍ ചേര്‍ന്ന് നിന്നാല്‍ മാത്രമേ കോണ്‍ഗ്രസിന് ബി ജെ പി – ജെ ഡി യു സഖ്യത്തിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനാകുമെന്നതാണ് നിലവിലെ രാഷ്ട്രീയ അവസ്ഥ.

 

Latest