Connect with us

Eranakulam

കോലഞ്ചേരി ബലാത്സംഗക്കേസ്: പ്രതികള്‍ റിമാന്‍ഡില്‍, തെളിവെടുപ്പിനായി പോലീസിന് വിട്ടുനല്‍കി

Published

|

Last Updated

കോലഞ്ചേരി | എറണാകുളത്തെ കോലഞ്ചേരി പാങ്കോടില്‍ 75-കാരിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്ത് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ഒന്നാം പ്രതി ചെമ്പറക്കി വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (50), രണ്ടാം പ്രതി ഇരുപ്പച്ചിറ ആശാരിമലയയില്‍ വീട്ടില്‍ മനോജ് (43), മനോജിന്റെ മാതാവും മൂന്നാം പ്രതിയുമായ ഓമന (66) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് പ്രതികളെ പോലീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോലഞ്ചേരി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയായിരുന്നു. തെളിവെടുപ്പിനായി പ്രതികളെ പുത്തന്‍കുരിശ് പോലീസിന് വിട്ടുനല്‍കി.

മനോജാണ് വയോധികയെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് അറിയിച്ചു. വയോധികയുടെ പരിചയക്കാരിയായ ഓമന പീഡനത്തിന് കൂട്ടുനിന്നതായി പോലീസ് പറഞ്ഞു. തന്റെ രഹസ്യ ഇടപാടുകാരില്‍ രാഷ്ട്രീയ നേതാക്കളുമുണ്ടെന്ന് ഓമന മൊഴി നല്‍കിയിട്ടുണ്ട്. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല.