Connect with us

Editorial

മൃദുഹിന്ദുത്വം കോണ്‍ഗ്രസിനെ രക്ഷിക്കില്ല

Published

|

Last Updated

ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന, വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും സ്വപ്‌നം കണ്ട, ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിനിടയിലാണ് രാജ്യമിപ്പോള്‍. പാഠ്യപദ്ധതികളുടെ കാവിവത്കരണം, ചരിത്രത്തിന്റെ പൊളിച്ചെഴുത്ത്, ദേശീയതയെയും രാജ്യസ്‌നേഹത്തെയും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസാചാര രീതികളുമായി കൂട്ടിക്കെട്ടല്‍, മുത്വലാഖ് നിരോധം, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിര്‍ണയം, സി ബി എസ് ഇ പാഠ്യപദ്ധതിയുടെ ഭാരം കുറക്കാനെന്ന പേരില്‍ സെക്യുലറിസം, നാഷനലിസം, ഫെഡറലിസം, പൗരത്വം തുടങ്ങിയവ പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ വെട്ടിമാറ്റല്‍, ബാബരി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്ര നിര്‍മാണം തുടങ്ങി ഹിന്ദുവത്കരണം തകൃതിയാണ് ഇന്ത്യയില്‍.

മോദി ഭരണത്തില്‍ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ആര്‍ എസ് എസിന്റെ പ്രഖ്യാപിത അജന്‍ഡയാണല്ലോ ഹിന്ദുത്വരാഷ്ട്ര രൂപവത്കരണം. എന്നാല്‍ രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ തന്നെ പിഴുതെറിയുന്ന ഈ നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കാണിക്കുന്ന നിസ്സംഗഭാവത്തിന്റെ പിന്നിലെ പ്രേരകമാണ് മനസ്സിലാകാത്തത്. ദേശീയ സമരം നല്‍കിയ ആവേശത്തില്‍ പിറവി കൊണ്ട കോണ്‍ഗ്രസിന്റെ സ്ഥാപിത നേതാക്കള്‍ ലക്ഷ്യമിട്ടത് ഒരു മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ സംസ്ഥാപനമാണ്. സ്ഥാപിത കാലഘട്ടം മുതല്‍ മതനിരപേക്ഷത അടിസ്ഥാന തത്വമായി സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ഒരു വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കം നടന്നപ്പോള്‍ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരൊക്കെ അതിനെ ശക്തിയുക്തം എതിര്‍ത്ത് രാഷ്ട്രത്തെ സെക്യുലറായി നിലനിര്‍ത്താന്‍ യത്‌നിച്ചു. ഇവരുടെയൊക്കെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയ ഫാസിസത്തോട് രാജിയാകുകയാണോ എന്ന് സന്ദേഹിപ്പിക്കുന്നതാണ് അടുത്ത കാലത്തായി നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ചു വരുന്ന നിലപാടുകള്‍. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍.

അയോധ്യയില്‍ ഇന്ന് നടക്കാനിരിക്കുന്ന ഭൂമി പൂജക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചത്. ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ശ്രീരാമന്റെയും സീതയുടെയും രാമായണത്തിന്റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. “അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് വഴി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകളാണ് പൂര്‍ത്തീകരിക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പൂര്‍ണ പിന്തുണയോടെ തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കും. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ” എന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിന്റെ ആശംസ. “അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നു”വെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞത്. “അധികാരത്തിലിരിക്കുമ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന” ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹരീഷ് റാവത്തിന്റെ 2019 ഫെബ്രുവരിയിലെ പ്രസ്താവനയും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു ക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി. “അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല. പള്ളി പൊളിച്ച് അമ്പലം പണിയുന്നതില്‍ മാത്രമാണ് പാര്‍ട്ടിക്ക് എതിര്‍പ്പുള്ളതെ”ന്നാണ് കെ മുരളീധരന്‍ പറയുന്നത്. ബാബരി മസ്ജിദ് പൊളിച്ച സ്ഥാനത്താണ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്നത് തര്‍ക്കമറ്റ സംഗതിയാണ്. മതനിരപേക്ഷ ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തി 1992 ഡിസംബര്‍ ആറിന് അഡ്വാനിയുടെയും ഉമാഭാരതിയുടെയും മറ്റും നേതൃത്വത്തില്‍ സംഘ്പരിവാറുകാര്‍ മസ്ജിദ് പൊളിക്കുന്നത് മുരളീധരന്‍ അടക്കമുള്ളവര്‍ കണ്ടതാണല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹമോ ദേശീയ നേതാക്കളോ ക്ഷേത്ര നിര്‍മാണത്തിനെതിരെ ഒരക്ഷരം ഉരിയാടാത്തത്? ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടുവന്നുവെച്ചത് കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. അയോധ്യയില്‍ ശിലാന്യാസത്തിനു സൗകര്യം ചെയ്തു കൊടുത്തത് രാജീവ് ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറാണ്. പള്ളി പൊളിക്കാന്‍ ഒത്താശ ചെയ്തത് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും. പിന്നെങ്ങനെ പാര്‍ട്ടി നേതൃത്വത്തിന് ക്ഷേത്ര നിര്‍മാണത്തെ വിമര്‍ശിക്കാനാകും?

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി ജെ പി കടന്നുവന്ന വഴിയേയാണ് കോണ്‍ഗ്രസും സഞ്ചരിക്കുന്നത്. ബി ജെ പിയുടെ തീവ്ര ഹിന്ദുത്വ നിലപാടില്‍ ആകൃഷ്ടരായി പാര്‍ട്ടിയുമായി അകന്നവരെ മൃദുഹിന്ദുത്വ സമീപനത്തിലൂടെ തിരിച്ചു പിടിക്കാമെന്ന വ്യാമോഹത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇത് പാര്‍ട്ടിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് അന്ന് അഭിമുഖീകരിക്കേണ്ടി വന്നത്. മതനിരപേക്ഷ ജനാധിപത്യത്തിന്റെ സംരക്ഷണവും ബി ജെ പിക്കെതിരെ ശക്തമായൊരു ബദലുമാണ് കോണ്‍ഗ്രസില്‍ നിന്ന് ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത്. പകരം കോണ്‍ഗ്രസും ഹിന്ദുത്വത്തിനു പിറകെ പോകുകയാണെങ്കില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മിലെന്ത് എന്ന ചിന്ത പാര്‍ട്ടി അണികളില്‍ തന്നെ വളര്‍ന്നു വരാനിടയാക്കും. ബി ജെ പി ക്യാമ്പിലേക്ക് കളംമാറിച്ചവിട്ടുമ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടാത്തതിന്റെ കാരണവും മറ്റൊന്നല്ല. മതനിരപേക്ഷതയിലേക്കുള്ള തിരിച്ചുപോക്ക് കൊണ്ടല്ലാതെ കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനാകില്ല.

Latest