Connect with us

Kerala

വയോധികയെ ബലാത്സംഗം ചെയ്ത സംഭവം: പ്രതികളെ പിടികൂടി കടുത്ത ശിക്ഷ നല്‍കണം- ജോസഫൈന്‍

Published

|

Last Updated

കൊച്ചി | കോലഞ്ചേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വയോധികയുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ സ്ത്രീയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രതികള്‍ ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ നല്‍കുകയും വേണം. പക്ഷപാതിത്വം കാണിക്കുന്ന നിലപാട് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. രാഷ്ട്രീയ മുഖവും നിറവും നോക്കാതെ ശക്തമായ നടപടിയുണ്ടാകുമെന്നും ജോസഫൈന്‍ പ്രതികരിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്.

ഇന്നലെയാണ് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് വയോധികയെ ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ഇവരുടെ ശരീരത്തില്‍ പല ഭാഗത്തും മുറിവേറ്റിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.