Connect with us

Gulf

 കൊവിഡ് -19 വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം; സന്നദ്ധസേവകരാകാൻ ആഗ്രഹിക്കുന്നവർക്ക് വാക് ഇൻ ആരംഭിച്ചു

Published

|

Last Updated

അബുദാബി | കൊവിഡ് -19 വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വാക് ഇൻ സംവിധാനം ആരംഭിച്ചതായി അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് ഹെൽത് അറിയിച്ചു.

ഡി ഒ എച്, ജി 42 ഹെൽത്ത്‌കെയർ, അബുദാബി ഹെൽത്ത് സർവീസസ് (സിഹ) എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന വാക് ഇൻ കേന്ദ്രത്തിലൂടെ വാക്‌സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധരാകാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുന്നതിനും, ഇതിന് ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലാണ് (അഡ്നിക്) വാക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, മുൻകൂർ അനുവാദം ഇല്ലാതെ തന്നെ ഈ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്‌സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധത അറിയിക്കാവുന്നതാണ്.
ദിനേന ആയിരത്തോളം സന്നദ്ധസേവകരെ രജിസ്റ്റർ ചെയ്യുന്നതിന് അഡ്നിക് കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്.

വാക്‌സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നതിനായി https://4humanity.ae/  എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത്, ഇതുവരെ അബുദാബി ഡിപ്പാർട്‌മെന്റ്ഓഫ് ഹെൽതിൽ നിന്ന് ഇത് സംബന്ധമായ അറിയിപ്പുകൾ ലഭിക്കാത്തവർക്കും ഈ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അബുദാബി നിവാസികൾക്ക് മാത്രമാണ് ഈ കേന്ദ്രത്തിലൂടെ രജിസ്റ്റർ ചെയ്യാൻ കഴിയുക.
കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തവർക്ക്, കൊവിഡ് -19 പരിശോധനകളിൽ നെഗറ്റീവ് ആകുന്ന പക്ഷം മൂന്ന് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകുന്നതാണ്. അബുദാബി ഹെൽത്ത് സർവീസസിലെ ആരോഗ്യ പരിശീലകരാണ് കേന്ദ്രത്തിലെ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ദിനവും രാവിലെ 8 മുതൽ വൈകീട്ട് 8 വരെ ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ പേരു ചേർത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് തയ്യാറാക്കുന്ന നിർജീവമാക്കിയ കൊവിഡ് -19 വാക്സിന്റെ (inactivated COVID-19 vaccine) മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈ പകുതിയോടെ അബുദാബിയിൽ ആരംഭിച്ചിരുന്നു. ഈ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി, അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് ഹെൽത് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വാക്‌സിൻ കുത്തിവെപ്പ് സ്വീകരിക്കുകയുണ്ടായി.
10000-ത്തിൽ പരം സന്നദ്ധസേവകർ പരീക്ഷണത്തിൽ പങ്കാളികളായതായി അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് ഹെൽത് ജൂലൈ 25ന് അറിയിച്ചിരുന്നു.

Latest