Connect with us

Editorial

ചോരവാര്‍ന്ന് മരിക്കുകയാണോ നമ്മിലെ മനുഷ്യത്വം?

Published

|

Last Updated

വാഹനാപകടത്തില്‍പ്പെട്ട് ആളുകള്‍ റോഡില്‍ ചോരവാര്‍ന്ന് പിടയുമ്പോള്‍ കാണികളുടെ മനുഷ്യത്വം അന്യംനിന്ന് പോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം വാഹനമിടിച്ച് ചോരവാര്‍ന്ന് തിരുവല്ല തലവടി സ്വദേശിയായ ജിബു എബ്രഹാം മരിക്കാനിടയായത് തക്കസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തത് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മാവേലിക്കര തിരുവല്ല സംസ്ഥാന പാതയില്‍ പുളിക്കീഴില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ഒരു വനിതാ ഡോക്ടറും നഴ്‌സും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ ജിബു എബ്രഹാമും സുഹൃത്ത് ജെബിനും ഗുരുതര പരുക്കേറ്റ് റോഡില്‍ വീണത്. അപകടം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് കാറില്‍ കയറ്റാന്‍ സഹായിക്കണമെന്ന് അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവര്‍ കൂടിയായ വനിതാ ഡോക്ടര്‍ കാഴ്ചക്കാരായി നില്‍ക്കുന്നവരോട് ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. ആരെങ്കിലും സഹായിക്കാമോ എന്ന് ഡോക്ടര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചെങ്കിലും മനഃസാക്ഷിയുള്ള ഒരാള്‍ പോലും കൂട്ടത്തിലുണ്ടായില്ല. 20 മിനുട്ട് കഴിഞ്ഞ് അതുവഴി വന്ന ചിലരാണ് രണ്ട് പേരെയും കാറില്‍ കയറ്റുന്നതിന് ഡോക്ടറെ സഹായിക്കാന്‍ മുന്നോട്ടു വന്നത്. അപ്പോഴേക്കും ജിബു എബ്രഹാം രക്തം വാര്‍ന്ന് മരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കുളപ്പുള്ളി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ലോറി തട്ടി റോഡില്‍ വീണ മധ്യവയസ്‌ക്കന്‍ മരണപ്പെട്ടത് അര മണിക്കൂറോളം റോഡില്‍ കിടന്ന് ചോര വാര്‍ന്നായിരുന്നു. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ ടാക്‌സി സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്റ് ലോറി ഇടിച്ചത്. റോഡില്‍ കിടന്ന് ചോരവാര്‍ന്ന് കൊണ്ടിരിക്കുന്ന ഈ ഹതഭാഗ്യനെ ആശുപത്രിയിലെത്തിക്കാന്‍ ടാക്‌സിക്കാര്‍ തയ്യാറായില്ല. അര മണിക്കൂറിനു ശേഷം മലപ്പുറം ഭാഗത്ത് നിന്ന് കാറില്‍ വന്നയാളാണ് സ്വന്തം കാറില്‍ കയറ്റി ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 2018ലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ച പൂന്തുറ പള്ളിവിളാകം ജിനീഷ് എന്ന മത്സ്യത്തൊഴിലാളി മരിച്ചതും ഇത്തരമൊരു സാഹചര്യത്തിലായിരുന്നു. റോഡപകടത്തില്‍പ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ചുറ്റുമുണ്ടായിരുന്നവര്‍ സന്നദ്ധമായില്ല. ഇതു മൂലം അര മണിക്കൂറോളം റോഡില്‍ ചോര വാര്‍ന്ന് കിടന്നായിരുന്നു മരണം. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

നൂറ് ശതമാനം സാക്ഷരരെന്നും സംസ്‌കാര സമ്പന്നരെന്നും മാനുഷികതയുടെ അപ്പോസ്തലരെന്നും മേനി നടിക്കാറുണ്ട് കേരളീയ സമൂഹം. ഈ അവകാശവാദത്തിന്റെ പൊള്ളത്തരത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. തന്നെ പോലെ ഒരു വ്യക്തി അപകടത്തില്‍പ്പെട്ട് മരണവുമായി മല്ലടിക്കുമ്പോള്‍ അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്ത് സംസ്‌കാരം? എന്ത് മനുഷ്യത്വം? ഒരു ആന അബദ്ധത്തില്‍ പടക്കം നിറച്ച പഴം ഭക്ഷിച്ച് മരിക്കുമ്പോള്‍ പൊട്ടിയൊലിക്കുന്ന ചിലരുടെ മൃഗസ്‌നേഹവും ദീനാനുകമ്പയും ഒരു മനുഷ്യന്‍ അപകടത്തില്‍ പെടുമ്പോള്‍ പ്രകടമാകാറില്ല. രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്കും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുക്കാനുള്ള “സുവര്‍ണാവസരം” മാത്രമാണ് പലര്‍ക്കും ഇത്തരം അപകടങ്ങളും ദുരന്തങ്ങളും. മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് മനുഷ്യത്വവും വിവേകവുമാണ്. ദയ, സഹാനുഭൂതി, സഹജീവി സ്‌നേഹം, സഹകരണ മനോഭാവം തുടങ്ങിയവയാണ് മനുഷ്യത്വത്തിന്റെ ഗുണങ്ങള്‍. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ സുഖദുഃഖങ്ങള്‍ പങ്കിടാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യത്വം ഉദാത്തത പ്രാപിക്കുന്നത്.

ആഫ്രിക്കയിലെ ഒരു പ്രത്യേക ഗോത്രക്കാരെ സംബന്ധിച്ച് പഠനം നടത്താന്‍ ചെന്ന ഒരു നരവംശ ശാസ്ത്രജ്ഞന്‍ അവര്‍ക്കിടയിലെ മത്സര ബുദ്ധിയും ഐക്യബോധവും എങ്ങനെയെന്നറിയാന്‍ നടത്തിയ പരീക്ഷണം നമുക്കൊക്കെ ഗുണപാഠമാകേണ്ടതാണ്. നരവംശ ശാസ്ത്രജ്ഞന്‍ ഒരു മരത്തിനു ചുവട്ടില്‍ പഴങ്ങള്‍ നിറച്ച കൊട്ട കൊണ്ടുവെച്ച ശേഷം ആ ഗോത്രത്തിലെ കുറെ കുട്ടികളെ വിളിച്ചു വരുത്തി വരിയായി നിര്‍ത്തി. താന്‍ അടയാളം കാണിക്കുമ്പോള്‍ നിങ്ങളോരോരുത്തരും ഓടിച്ചെന്ന് പഴക്കൊട്ട കൈവശമാക്കാന്‍ ശ്രമിക്കണമെന്നും ആദ്യം അത് കൈവശപ്പെടുത്തുന്നവര്‍ക്ക് പഴങ്ങള്‍ സ്വന്തമാക്കാമെന്നും കുട്ടികളെ അറിയിക്കുകയും ചെയ്തു. അദ്ദേഹം അടയാളം കാണിച്ചപ്പോള്‍ കുട്ടികള്‍ മത്സരിച്ചോടുന്നതിനു പകരം കൈകോര്‍ത്ത് പിടിച്ച് കുട്ടക്ക് ചുറ്റും എത്തുകയും എല്ലാവരും ചേര്‍ന്ന് പഴങ്ങള്‍ ഭക്ഷിക്കുകയുമാണുണ്ടായത്. എന്തേ നിങ്ങളിങ്ങനെ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍, “മറ്റുള്ളവര്‍ പഴം ലഭിക്കാതെ സങ്കടപ്പെടുമ്പോള്‍ ഞങ്ങളിലൊരാള്‍ക്ക് എന്ത് സുഖം” എന്നായിരുന്നു അവരുടെ മറുപടി.

അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുന്നവരുടെ ഓരോ നിമിഷവും നിര്‍ണായകമാണ്. സംഭവം നടന്നയുടനെ വൈദ്യസഹായം ലഭ്യമാക്കിയാല്‍ മിക്കവരെയും രക്ഷപ്പെടുത്താമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. മിക്ക കേസുകളിലും ഏറെ താമസിച്ചാണ് ആശുപത്രികളിലെത്തുന്നത്. തിരുവല്ല സംഭവത്തില്‍ ചുറ്റും കൂടിനിന്നവര്‍ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സഹകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജിബു എബ്രഹാമിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നേനെ. വിജനസ്ഥലത്തോ രാത്രി കാലങ്ങളിലോ ആണ് അപകടം സംഭവിക്കുന്നതെങ്കില്‍ അപകടം സൃഷ്ടിച്ച വാഹനക്കാരന്‍ പെട്ടെന്ന് സ്ഥലം വിടുന്നു. തന്റെ വണ്ടിയിടിച്ച് കിടന്ന് പിടയുന്നവരുടെ ജീവന്‍ അവര്‍ക്ക് പ്രശ്‌നമല്ല. വഴിയേ കടന്നു വരുന്ന മറ്റു വാഹനങ്ങള്‍ക്ക് കൈകാണിച്ച് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാല്‍ പലരും വന്നതിനേക്കാള്‍ വേഗത്തില്‍ വണ്ടിയുമെടുത്ത് സ്ഥലം വിടുകയാണ് പതിവ്. ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നതാണ് അപകടങ്ങളും അത്യാഹിതങ്ങളുമെന്ന കാര്യം നാമൊക്കെ വിസ്മരിക്കുന്നു. നമുക്കോ സ്വന്തക്കാര്‍ക്കോ അത്യാഹിതങ്ങള്‍ വന്നുചേരുമ്പോഴായിരിക്കും രക്ഷാപ്രവര്‍ത്തനത്തിന്റെ വിലയും ആവശ്യകതയും ബോധ്യപ്പെടുക.

Latest