Connect with us

Kozhikode

കെ എം ബി സ്മരണയിലലിഞ്ഞ് സിറാജ് തിരുമുറ്റം

Published

|

Last Updated

കാലിക്കറ്റ് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സിറാജ് ഓഫീസ് അങ്കണത്തിൽ നടന്ന കെ എം ബഷീർ അനുസ്മരണം സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടൻ, മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, പ്രസ്‌ ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി എസ് രാകേഷ് വേദിയിൽ

കോഴിക്കോട് | കെ എം ബിയുടെ സ്മരണയിലലിഞ്ഞ് സിറാജിന്റെ തിരുമുറ്റം. ഐ എ എസ് ഉദ്യോഗസ്ഥന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കെ എം ബശീറിന്റെ ഒന്നാം ആണ്ടറുതിയിലാണ് അദ്ദേഹത്തിന്റെ സ്മരണകള്‍ നിറഞ്ഞൊഴുകിയത്. ബശീറിന്റെ മയ്യത്ത് പൊതുദര്‍ശനത്തിന് വെച്ച നടക്കാവിലെ സിറാജ് ദിനപത്രം ഓഫീസ് മുറ്റത്തായിരുന്നു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഒത്തുകൂടല്‍. മാധ്യമലോകത്തിന്റെ തന്നെ  തീരാനഷ്ടത്തിന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നീതി ലഭ്യമായില്ലെന്ന് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പേരിന്റെ അര്‍ഥത്തോട് നൂറ് ശതമാനം അന്വര്‍ഥത പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായിരുന്നു കെ എം ബശീറെന്ന് സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല അനുസ്മരിച്ചു. സിറാജിലൂടെ അദ്ദേഹം കണിശമായ റിപ്പോര്‍ട്ടിംഗ് നടത്തി.

ആര്‍ക്കും അരോചകം തോന്നാത്ത ഭാഷയും ശൈലിയും സമീപന രീതിയുമായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് ഗുരുസ്ഥാനീയരായ പത്രപ്രവര്‍ത്തകര്‍ക്കെല്ലാം ബശീര്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ബശീറിന്റെ പുഞ്ചിരിക്കുന്ന മുഖം ആര്‍ക്കും മാഞ്ഞുപോകില്ല. ബശീര്‍ പത്രപ്രവര്‍ത്തനത്തില്‍ മികച്ച മാതൃകയാണ് നമുക്ക് കാണിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബശീറിന്റെ ഘാതകനായ ശ്രീരാം വെങ്കിട്ടരാമന്‍. ബശീറിന്റെ കൊലപാതക കേസ് അട്ടിമറി അധിക കാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിന് അന്ത്യമില്ല. ഒരുനാള്‍ അത് പുലരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബശീറിന്റെ മരണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പോലും അദ്ദേഹത്തിന് ഒരു തുള്ളി നീതി ലഭിച്ചിട്ടില്ലെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു.

[irp]

തെളിവുകള്‍ ഇല്ലാഞ്ഞിട്ടല്ല. ശക്തമായ സാക്ഷിമൊഴികളുണ്ട്. എന്നിട്ടും നീതിനിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബശീറിന്റെ കൊലപാതകം ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടമാണെന്ന് സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ ഗഫൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ധര്‍മം വിജയം വരിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. ഈ കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായി. കേസിന്റെ വിധി ധര്‍മത്തിന് വേണ്ടിയുള്ളതായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ബശീറിന് വേണ്ടി ഒരു സ്മാരകമെന്ന  ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍ കെ യു ഡബ്ലു ജെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വര്‍ഷം പിന്നിടുമ്പോഴും ബശീറിന്റെ നിറഞ്ഞ പുഞ്ചിരി മനസ്സില്‍ മായാതെ കിടപ്പുണ്ടെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടന്‍ അനുസ്മരിച്ചു.

ബശീറിന്റെ കേസുമായി ബന്ധപ്പെട്ട തുടര്‍നിയമപോരാട്ടത്തിന് പത്രപ്രവര്‍ത്തക യൂനിയന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടായിട്ടും ഒന്നാം വാര്‍ഷിക ദിനത്തിലും ബശീറിന് നീതി കിട്ടാന്‍ കേഴുകയാണെന്ന്  സംസ്ഥാന മീഡിയ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ അംഗം ദീപക് ധര്‍മടം പറഞ്ഞു. ബശീറിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ വൈഭവം കൊണ്ട് തലസ്ഥാനത്ത് കുറഞ്ഞ കാലത്തിനുള്ളില്‍ സൗഹൃദമുണ്ടാക്കിയ മാധ്യമപ്രവര്‍ത്തകനാണ് കെ എം ബശീറെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാന്‍ പറഞ്ഞു. മാധ്യമങ്ങളെല്ലാം തുറന്ന് കാട്ടിയിട്ടും ആ കൊലക്കേസിലെ ഒന്നാം പ്രതി ഇന്നും സര്‍വീസില്‍ തുടരുകയാണ്. ഘാതകന് ശിക്ഷ ലഭിക്കുമ്പൊഴേ ബശീറിനും കുടുംബത്തിനും മാധ്യമസമൂഹത്തിനും നീതി ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Latest