Connect with us

Covid19

രാജ്യത്തെ കൊവിഡ് കേസ് തുടര്‍ച്ചയായി ആറാം ദിവസവും അരലക്ഷത്തിന് മുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ അതിവേഗം ഉയരുന്നു. ആകെ പോസറ്റീവ് കേസുകള്‍ 19 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1855745 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38939 പേര്‍ ഇതിനകം വൈറസ് മൂലം ജീവന്‍ വെടിഞ്ഞു. 24 മണിക്കൂറിനിടെ 52050 പുതിയ കേസും 803 മരണവുമാണ് രാജ്യത്തുണ്ടായത്. തുടര്‍ച്ചയായി ആറാം ദിവസമാണ് അരലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യപാനത്തിനൊപ്പം രോഗമുക്തരുടെ എണ്ണവും ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. 1230509 പേര്‍ ഇതിനകം വൈറസിന്റെ പിടിയില്‍ നിന്ന് മോചിതനായി. 62 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ കൊവിഡ് മുക്തനിരക്ക്.

രാജ്യത്ത് ഏറ്റവും രൂക്ഷവ്യാപനമുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 8968 കേസും 266 മരണവുമാണ്. സംസ്ഥാനത്ത് ഇതിനകം 450196 കേസും 15842 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മുംബൈ നഗരത്തിലാണ്. തമിഴ്‌നാട്ടില്‍ 26322 കേസുകളും 4241 മരണവുമാണ് ഇതിനകം ഉണ്ടായത്. ഇന്നലെ മാത്രം 5609 കേസും 4241 മരണവുമാണ് തമിഴ്‌നാട്ടിലുണ്ടായത്. ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം ആന്ധ്രയില്‍ 7822 കേസും 63 മരണവും കര്‍ണാടകയില്‍ 4752 കേസും 98 മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ ഡല്‍ഹിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 937 കേസും 17 മരണവുമാണുണ്ടായത്.

ആന്ധ്രയില്‍ 1537, കര്‍ണടകയില്‍ 2594, ഡല്‍ഹിയില്‍ 4021, ഗുജറാത്തില്‍ 2508, ഉത്തര്‍പ്രദേശില്‍ 1778, ബംഗാളില്‍ 1731, തെലുങ്കാനയില്‍ 561, മധ്യപ്രദേശില്‍ 900 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്ന് നില്‍ക്കുകയാണ്.

 

Latest