Connect with us

Ongoing News

ഓര്‍ക്കാനുള്ളത് മാത്രം നല്‍കി കടന്നുപോയ ബഷീര്‍

Published

|

Last Updated

2006ലെ നിയമഭസഭാ തിരഞ്ഞെടുപ്പ്കാലം. കുറ്റിപ്പുറത്തെ ആവേശകരമായ മത്സരത്തിന്റെ പ്രചാരണത്തിനിടയില്‍ ചെറിയമുണ്ടത്ത് വെച്ചാണ് ചിരിച്ചുകൊണ്ട് ഒരു ചെറിയ പയ്യന്‍ എന്നെ വന്നു പരിചയപ്പെട്ടത്. സിറാജിന്റെ ലേഖകന്‍ ബഷീറായിരുന്നു അത്. അന്ന് തുടങ്ങിയ സൗഹൃദവും ചിരിയും ബഷീറിന്റെ അവസാനനാള്‍വരെ നിലനിന്നിരുന്നു. എപ്പോഴും അടുപ്പം പുതുക്കുന്ന ആളായിരുന്നില്ല ബഷീര്‍. ദൂരെനിന്ന് നമ്മുടെ ഒരോ കാല്‍വെപ്പുകളേയും നിരീക്ഷിക്കുകയും എന്തെങ്കിലും അസ്വഭാവികത തോന്നിയാല്‍ സ്വകാര്യമായി അത് പങ്കുവെക്കുകയും ചെയ്യുന്ന രീതിയായിരുന്നു. ബഷീറിന്റെ വിവാഹത്തിലും പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോഴും എന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെ ബഷീറിന്റെ സന്തോഷനിമിഷങ്ങളിലെല്ലാം പങ്കാളിയാകാന്‍ കഴിഞ്ഞിട്ടുണ്ട്. ബഷീര്‍ അവസാനം ജോലി ചെയ്തിരുന്നത് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിട്ടായിരുന്നു. തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവെ സ്വല്‍പ്പം കുശുമ്പം വാശിയുമൊക്കെ നിലനില്‍ക്കുന്ന പ്രദേശമാണ്. എന്നാല്‍ തിരുവനന്തപുരത്തെ എല്ലാ മാധ്യമപ്രവര്‍ത്തകരുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ ബഷീറിന് കഴിഞ്ഞിരുന്നു.

ഒരു ഘട്ടത്തിലും പുഞ്ചിരിച്ചു കൊണ്ടെല്ലാതെ ബഷീറിനെ കണ്ടിട്ടില്ല. ഒരു തരത്തിലുമുള്ള പിരിമുറുക്കവും ബഷീറിന്റെ മുഖത്ത് നമുക്ക് ഒരിക്കലും കാണാന്‍ കഴിയില്ല. ദേഷ്യമോ മറ്റു ഭാവപ്പകര്‍ച്ചകളോ അദ്ദേഹത്തിന്റെ ശരീരഭാഷയിലോ മുഖത്തോ പ്രതിഫലിച്ചത് എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സന്തോഷവാനായ ബഷീറിനെയാണ് ഞാന്‍ അവസാനനാള്‍ വരെ കണ്ടിട്ടുള്ളൂ. ബഷീറിന്റെ മരണവാര്‍ത്ത അറിഞ്ഞ സമയം എന്റെ മനസ്സിലേക്ക് വന്നൊരു വിചാരം ഇത്രപെട്ടെന്ന് മടങ്ങും എന്നുള്ളത് കൊണ്ടാണോ നാഥന്‍ ബഷീറിന്റെ മുഖത്ത് പുഞ്ചിരിമാത്രം സമ്മാനിച്ചത് എന്നാണ്.

[irp]

ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ എന്നെ പരിചയമുണ്ടായിരുന്ന ഒരാളായിട്ടും മന്ത്രി എന്ന നിലയിലുള്ള ഒരു സ്വാതന്ത്ര്യവും എടുക്കാന്‍ ബഷീര്‍ വന്നിരുന്നില്ല. എപ്പോഴും ഒരു അകലം പാലിച്ചിരുന്നു. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഒാഫീസിലെല്ലാം ബഷീറിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണുണ്ടായിരുന്നത്. ഇത് പലരും എന്നോട് പങ്കുവെക്കുകും ചെയ്തിട്ടുണ്ട്. ബഷീറിന്റെ മരണം ദാരുണമായിരുന്നു. ബഷീര്‍ മരണപ്പെട്ടത് ഒരു ഉയര്‍ന്ന സിവില്‍ സർവീസ് ഉദ്യോഗസ്ഥന്റെ കെടുകാര്യസ്ഥതകൊണ്ടും വളരെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടുമാണ്. അങ്ങനെ ഒരാള്‍ക്കും ജീവന്‍ നഷ്ട്ടപ്പെടാന്‍ പാടില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകള്‍ പാലിച്ചേ പറ്റൂ.

ജനങ്ങളുടെ ആരാച്ചാർമാരല്ല സേവകരായി മാറുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. ജനങ്ങളുടെ തികുതിപ്പണമാണ് ശമ്പളമായി ലഭിക്കുന്നതെന്ന ഓർമ വേണം. ജനങ്ങളാണ് ശരിക്കും യജമാനന്‍മാര്‍. ശമ്പളത്തിന് പകരമായി സർവീസ് നല്‍കുന്നുണ്ടെങ്കിലും ജനങ്ങളുടെ അവകാശത്തിന് മേല്‍ പറക്കാനുള്ള ഒരു അധികാരവും ഒരു ഉദ്യോഗസ്ഥനും ഇല്ല. ബഷീറിന്റെ മയ്യിത്ത് വാണിയന്നൂരിലെ വസതിയില്‍ കൊണ്ടുവരുമ്പോള്‍ ഞാനുണ്ടായിരുന്നു അവിടെ. മയ്യിത്ത് മറവുചെയ്ത വടകരയില്‍ അനുസ്മരണ പരിപാടിയിലും പങ്കെടുത്തിരുന്നു.

ബഷീറിന്റെ മക്കളെ കാണാന്‍ പിന്നീടൊരിക്കല്‍ വി അബ്ദുർറഹ്്മാന്‍ എം എല്‍ എക്കൊപ്പം വീട്ടില്‍ പോയിരുന്നു. സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. ബഷീറിന്റെ ഭാര്യക്ക് തുഞ്ചന്‍ മെമ്മോറിയല്‍ മലയാളം സർവകലാശാലയില്‍ ജോലി നല്‍കാനാണ് തീരുമാനിച്ചത്. പിന്നീട് അത് വേഗത്തില്‍ നടപ്പിലാക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധമായിരിക്കാം ദുഃഖത്തിനിടയിലും ബഷീറിന്റെ ഭാര്യക്ക് ജോലി നല്‍കുന്ന ഫയലില്‍ ഒപ്പുവെക്കാനായത് ഒരു ചെറിയ സന്തോഷം നല്‍കുന്നത്.

ബഷീറിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം നമ്മുടെ കൂടി ബാധ്യതയാണ്. ബഷീര്‍ മരിച്ചിട്ട് ഒരാണ്ട് തികയുകയാണ്. ബഷീറിന്റെ ഓര്‍മകള്‍ എന്നും നമ്മുടെയൊക്കെ മനസ്സിലുണ്ടാകും. കാരണം ഓര്‍ക്കാനുള്ളത് മാത്രം നല്‍കി കടന്നുപോയതാണ് ബഷീര്‍…

• കെ ടി ജലീൽ

Latest