Connect with us

Prathivaram

സിറാജിന്റെ നഷ്ടം

Published

|

Last Updated

കർമ കുശലതക്കൊപ്പം സൗഹാർദത്തിന്റെ സൗമ്യമുഖമായിരുന്ന കെ എം ബഷീറെന്ന യുവ മാധ്യമ പ്രവർത്തകന്റെ മായാത്ത ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ ഈ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാകാതെ തുടരുകയാണെന്ന യാഥാർഥ്യം ഉൾക്കൊള്ളേണ്ടിയിരിക്കുന്നുവെന്ന വിഷമകരമായ സാഹചര്യമാണുള്ളത്. ബഷീറിന്റെ വിയോഗം കുടുംബത്തോടൊപ്പം സിറാജിനും വരുത്തിവെച്ച നഷ്ടം വലുതാണ്. പ്രാദേശിക ലേഖകനിൽ നിന്ന് തലസ്ഥാന യൂനിറ്റിന്റെ ചീഫ് എന്ന പദവിയിലേക്കുള്ള ബഷീറിന്റെ വളർച്ച ക്രമാനുഗതമായി കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു. തിരൂരിൽ നിന്ന് മലപ്പുറത്തേക്കും തുടർന്ന് തിരുവനന്തപുരത്തേക്കുമെത്തിയ ബഷീർ ഇതിനിടയിൽ തന്റെ കഴിവുകൾ വളർത്തുന്നതിനൊപ്പം സിറാജിന്റെ വളർച്ചയിലും നിർണായകമായ പങ്ക് വഹിച്ചിരുന്നു. തലസ്ഥാനത്തെ മാധ്യമ മേഖലയിൽ സിറാജിന്റെ സാന്നിധ്യമുറപ്പിക്കുന്നതിന് ബഷീർ വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല.

പ്രധാന വാർത്തക്കപ്പുറം രാഷ്ട്രീയ വിശകലനങ്ങളിലും നിയമസഭാ റിപ്പോർട്ടിംഗിലും ബഷീറിന്റെ പ്രാവീണ്യം സിറാജ് ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. തന്റെ ഊർജം സിറാജിന്റെ വളർച്ചക്ക് ഉപയോഗപ്പെടുത്തിയും തന്റെ കരിയർ കൂടുതൽ കരുത്തുറ്റതാക്കുന്നതിന് സിറാജിനെ ഉപയോഗപ്പെടുത്തിയും കുറഞ്ഞ കാലം കൊണ്ട് ബഷീർ തലസ്ഥാനത്തെ വൻകിട മാധ്യമ കുലപതികൾക്കിടയിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു. ബഷീറിന്റെ സേവനം ഏറ്റവും കൂടുതൽ ലഭിച്ച തിരുവനന്തപുരം യൂനിറ്റ് ഇന്നത്തെ അവസ്ഥയിലെത്തി നിൽക്കുന്നതിന് പിന്നിൽ ബഷീറിന്റെ നിസ്വാർഥ സേവനം വ്യക്തമാണ്.
സ്വന്തം കാര്യങ്ങളേക്കാൾ സിറാജിന്റെ ഉയർച്ചയും വികസനവും മാത്രം സ്വപ്നം കണ്ട് രാപകൽ ഭേദമന്യെ ഇതിനായി യത്‌നിച്ച ബഷീർ, തന്റെ അധികാര പരിധിയിലുള്ള തിരുവനന്തപുരം യൂനിറ്റിന്റെ ഏകോപന പ്രവർത്തനങ്ങൾ തുടങ്ങിവെച്ചാണ് നാഥന്റെ വിളിക്ക് ഉത്തരം നൽകി അകാലത്തിൽ മടങ്ങിപ്പോയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങൾ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സിറാജ് ദിനപത്രത്തെ തിരുവനന്തപുരം ജില്ലയിലും കൊല്ലത്തും കൂടുതൽ വ്യാപിപ്പിക്കുന്നതിലും താരതമ്യേന സിറാജിന് പ്രചാരണം കുറഞ്ഞ പത്തനംതിട്ടയിലേക്ക് കൂടുതലായി എത്തിക്കുന്നതിനും ശാസ്ത്രീയവും പ്രായോഗികവുമായി നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് മദോന്മത്തനായി ഒരു കൊലയാളി ബഷീറിന്റെ ജീവനെടുത്തത്.

ബഷീറിന്റെ അന്ത്യ നിമിഷങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നത് സിറാജുമായാണെന്നത് സിറാജും ബഷീറും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. അവസാനം പങ്കെടുത്ത പരിപാടി കൊല്ലത്തെ സിറാജിന്റെ പ്രചാരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രമോഷൻ കൗൺസിൽ രൂപവത്കരണ യോഗമായിരുന്നു. അവസാന ഫേസ്ബുക്ക് പോസ്റ്റും ബലിപെരുന്നാൾ പ്രഖ്യാപിച്ച സിറാജ് ഓൺലൈൻ വാർത്തയുടെ പോസ്റ്റായിരുന്നു. അവസാനമായി സംസാരിച്ചത് സിറാജിലെ പ്രൊഡക്്ഷൻ മാനേജരോട് പത്രത്തിന്റെ പ്രിന്റിംഗ് സംബന്ധിച്ച വിഷയമായിരുന്നു. തിരുവനന്തപുരം ബ്യൂറോചീഫിൽ നിന്ന് യൂനിറ്റ് ചീഫിലേക്ക് വളർന്നപ്പോഴും പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ പേരിൽ പഴയ ഉത്തരവാദിത്വത്തോട് ഒരിക്കലും വിമുഖത കാണിച്ചിരുന്നില്ല.

അവധിയായും ഓഫായും ഓഫീസിൽ ഒന്നിച്ച് ജീവനക്കാരുടെ കുറവ് വരുമ്പോൾ ജോലി ഭാരമോർത്ത് അധികം പേരും ടെൻഷനടിക്കുമ്പോൾ ഒറ്റക്കാണെങ്കിലും ആയാസ രഹിതമായി ജോലി ചെയ്യുന്ന ബഷീർ തന്റെ സഹപ്രവർത്തകർക്ക് നൽകൂന്ന ഊർജം ഏറെ വലുതാണ്. ഭരണാധികാരി എന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും ബഷീറിൽ നിന്ന് നിരവധി മാതൃകകൾ നമുക്ക് സ്വീകരിക്കാനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നേതൃഗുണം. തന്റെ കീഴിലുള്ളവരോട് സഹപ്രവർത്തകനായി ഇടപെടുന്നത് ചുമതലകൾ നിർവഹിക്കാൻ ശക്തമായ നിർദേശങ്ങൾ നൽകുന്നതിന് തടസ്സമായിരുന്നില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം