Connect with us

Prathivaram

ബഷീർ എന്ന സ്‌നേഹാക്ഷരം

Published

|

Last Updated

തിന്മകളെ നിർഭയം പുറത്തുകൊണ്ടുവരികയാണ് ധർമമെന്ന് കർമവഴിയിൽ എഴുതിച്ചേർത്ത ഒരാളുടെ ഓർമകൾക്കൊപ്പമാണ് ഇപ്പോഴും മാധ്യമലോകം. തിരുത്തൽ ശക്തിയെന്ന നിലയിലുള്ള മാധ്യമങ്ങളുടെ കരുത്തും മൂർച്ചയും ചോർന്നുപോകുന്നുവെന്ന ആവലാതികൾക്കിടയിലും പണവും അധികാരവും എല്ലാം നിശ്ചയിക്കുന്നിടത്ത് തലകുനിക്കില്ലെന്ന ധാർമിക ബോധം മാധ്യമങ്ങൾ ഒരുമിച്ച് തെളിയിച്ചത് ഈ ഓർമയുടെ കനൽവെട്ടത്തിലായിരുന്നു. കെ എം ബഷീർ എന്ന നന്മയുടെ സ്‌നേഹാക്ഷരങ്ങൾ മാഞ്ഞുപോയിട്ട് ഒരാണ്ട് പൂർത്തിയാകുമ്പോഴും നെഞ്ചിലെ സ്‌നേഹക്കൂടിൽ കേരളത്തിലെ മാധ്യമലോകം ഒരു തിരി കെടാതെ ജ്വലിപ്പിച്ച് നിർത്തിയിട്ടുണ്ട്.

ചെറുപ്പക്കാരനായ ഒരു മാധ്യമ പ്രവർത്തകന്റെ അകാലത്തിലുള്ള വിയോഗം ഒരു പക്ഷെ മുമ്പൊരിക്കലും സഹ പ്രവർത്തകരെ ഇത്രയധികം വേദനിപ്പിച്ചിട്ടുണ്ടാകില്ല. നിറകണ്ണുകളോടെയല്ലാതെ ആ ദിവസത്തെ ഓർത്തെടുക്കാനാകില്ലെന്ന് അവരിലോരോരുത്തരും ഇന്നലെയും ഇന്നും നാളെയും പറയുമ്പോൾ കെ എം ബി എന്ന മൂന്നക്ഷരം അവർക്കെത്രമേൽ പ്രിയപ്പെട്ടതാണെന്ന് വ്യക്തമാകും. ആദ്യമായി കാണുന്നവരെപ്പോലും തന്റെ സൗഹൃദത്തണലിലേക്ക് സ്നഹം കൊണ്ട് ചേർത്തുനിർത്തുന്ന ഒരാളെ കാണുക വിരളമെന്നതിനാൽ സഹപ്രവർത്തകർക്ക് ബഷീർ പ്രിയപ്പെട്ടവനായിരുന്നു. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പിന്നാമ്പുറങ്ങൾ തേടി, പിന്നീട് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനായി മാധ്യമങ്ങൾ ഒറ്റക്കെട്ടായി ഒരുക്കിയ പോർമുഖം കേരളത്തിന്റെ ആദ്യാനുഭവമായി മാറുന്നതും അതുകൊണ്ടായിരിക്കാം.

[irp]

തിരുവനന്തപുരം മ്യൂസിയത്തിനുമുന്നിൽ അതിവേഗം പാഞ്ഞുവന്നൊരു കാറിടിച്ച് കൊല്ലപ്പെട്ട “സാധാരണ അപകടമായി” മാറിയേക്കാവുന്ന ഒരു കൊലപാതകത്തിന്റെ അടയാളങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ ഒന്നൊന്നായി എത്തിച്ചതു മുതൽ നീതിക്കായി ആദ്യന്തം മാധ്യമങ്ങൾ ഒറ്റക്കെട്ടായി ഉറച്ചു നിന്നതും ചിലപ്പോൾ ചരിത്രത്തിലെ ഒരപൂർവതയായിരിക്കും. അർധരാത്രിയിൽ മദ്യപിച്ച് ലക്കുകെട്ട് ശ്രീറാം വെങ്കിട്ടരാമനെന്ന ഐ എ എസുകാരൻ ഉണ്ടാക്കിയ ദുരന്തത്തിന്റെ ആദ്യ ദൃശ്യങ്ങൾ ഒരു നിയോഗം പോലെ പകർത്തിയ മാധ്യമ പ്രവർത്തകൻ തൊട്ട് കുറ്റാരോപിതനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തതിനെതിരെയുള്ള വിമർശവുമായെത്തിയ സംഘടനാ പ്രതിഷേധം വരെയുള്ള പത്രദൃശ്യ മേഖലയിലുള്ളവർ ചേർന്ന കണ്ണികളുടെ ഇഴയടുപ്പം ശക്തവും നിലപാടുള്ളതുമായിരുന്നു.

ബഷീറിനെ നേരിട്ടറിയില്ലെങ്കിലും അപകടത്തിന് പിന്നാലെ ആദ്യം സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകൻ പകർത്തിയ ചിത്രങ്ങളാണ് പിന്നീട് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന തെളിവുകളിലേക്കുള്ള വഴി തുറന്നത്. അപകടത്തിനിടയാക്കിയ വാഹനമോടിച്ച “ഉന്നതരെ” തിരിച്ചറിഞ്ഞതോടെ കാർ നീക്കാനുള്ള പോലീസിന്റെ ആദ്യ ഇടപെടലിനിടയിൽ തന്നെ ചിത്രങ്ങൾ പകർത്തിയ അയാൾ അത് പിന്നീട് പുറംലോകത്തെത്തിക്കുകയായിരുന്നു. ബഷീറിന്റെ മരണ ശേഷം അട്ടിമറി നാടകങ്ങളുമായി പോലീസ് നടത്തിയ കള്ളക്കളികളെല്ലാം ഒന്നൊന്നായി പൊളിച്ചടുക്കാനും മാധ്യമങ്ങൾ ജാഗ്രത കാട്ടി. കുറ്റവാളിയെ രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങളെയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ നേരിടേണ്ടി വന്നത്. അപകടം നടന്ന ആദ്യ നിമിഷം മുതൽ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് പഴുതുകൾ ഒരുക്കിയിരുന്നു. രക്തപരിശോധന വൈകിപ്പിച്ചതിലൂടെ പ്രതി മദ്യപിച്ചുവെന്നതിനുള്ള സുപ്രധാന തെളിവില്ലാതാക്കാനാണ് പോലീസ് ശ്രമിച്ചത്. രക്ത പരിശോധന വൈകിപ്പിച്ചതിന് പുറമെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് അവസരമൊരുക്കിയതുൾപ്പെടെയുള്ള നാട്ടിൽ നടക്കുന്ന ഇരട്ടനീതിയുടെ നിഴലാട്ടങ്ങളെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും മാധ്യമങ്ങൾ ഒരുങ്ങിയിറങ്ങി. ഇത്തരം കേസുകളിലുൾപ്പെട്ടവർ നിയമത്തിന്റെ കരങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്ന പോലീസ് സംവിധാനത്തെയും പൊതുജന സമക്ഷമെത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. ഇതിനെല്ലാമപ്പുറമാണ് കപടത മുഖമുദ്രയാക്കിയ ഉദ്യോഗസ്ഥരുടെ മുഖപടം വലിച്ചു കീറിയത്.

പൊതു സമൂഹത്തിന്റെ പെരുമാറ്റ രീതികളെയും ധാർമികതയെയും കുറിച്ച് വാതോരാതെ സംസാരിച്ച് ജനങ്ങളുടെ കൈയടി നേടിയ ഒരു ഉദ്യോഗസ്ഥൻ വ്യക്തിജീവിതത്തിൽ എത്രമേൽ അരാജകവാദിയാണെന്ന മാധ്യമങ്ങളുടെ തുറന്നുകാട്ടൽ കൈയടിയോടെയാണ് പൊതു സമൂഹം ഏറ്റെടുത്തത്. സമയബന്ധിതമായി കുറ്റപത്രം കോടതിയിൽ എത്തിക്കുന്നതിൽ പോലും മാധ്യമങ്ങളുടെ ഇടപെടൽ വേണ്ടിവന്നു. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കപ്പെടുമെന്ന നിലയുണ്ടായപ്പോഴെല്ലാം ഇടതടവില്ലാതെ മാധ്യമങ്ങൾ പോരാട്ടമുഖത്ത് ഉറച്ചുനിന്നു. പോലീസിന്റെ കള്ളക്കളികളെ ചോദ്യം ചെയ്തും കപട വാദങ്ങളെ ഇഴകീറി പരിശോധിച്ച് സത്യം ജനങ്ങൾക്ക് മുന്നിലെത്തിച്ചും മാധ്യമങ്ങൾ നീതിക്കായി പരിശ്രമിച്ചു.

[irp]

ഏറ്റവുമൊടുവിൽ ക്രിമിനൽ കേസിൽ പെട്ട ഒരാളെ സർക്കാർ സർവീസിൽ തിരികെയെത്തിക്കുന്നതിനെതിരെയും മാധ്യമ വിമർശനം നീണ്ടു. കോടതിയിൽ വിചാരണ തുടങ്ങിയ കേസിൽ വിധി വരുന്നതുവരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥൻ പുറത്തുനിൽക്കണമെന്നതായിരുന്നു മാധ്യമ സംഘടനയുടെ നിലപാട്.

മാധ്യമങ്ങളുടെ സ്വാധീനം നമുക്ക് ചുറ്റും ആശ്ചര്യകരമാംവിധം വർധിച്ച കാലത്തും സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കാൻ ബഷീറിന്റെ തൂലിക ചലിച്ചിട്ടുണ്ട്. നിർഭയമായി സത്യം കണ്ടെത്താനുള്ള ഇത്തരം ഇടപെടൽ തന്നെയാകണം ബഷീറിനെ മാധ്യമ ലോകത്ത് അത്രമേൽ പ്രിയങ്കരനാക്കിയതും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest