Connect with us

Cover Story

പത്രപ്രവർത്തനത്തിലെ സൂഫി

Published

|

Last Updated

കെ എം ബഷീറിന്റെ ഖബറിടത്തിലേക്കു പോകുമ്പോൾ മൂന്ന് കുട്ടികൾ എന്നെ അനുഗമിച്ചു. മുഹമ്മദ് കെൻസും കിസ് വാ ഫാത്വിമയും മുഹമ്മദും ഒന്നും ഉരിയാടാതെ മുന്നിൽ നടന്നു. തളിർത്തുനിൽക്കുന്ന നാരക മരത്തിനടിയിൽ കണ്ടിയിൽ മുഹമ്മദ് ബഷീറെന്ന് പേരുകൊത്തിയ മീസാൻകല്ലുകൾ. അതിനിടയിൽ വാടാർമല്ലിപ്പൂക്കൾ പരിലസിക്കുന്ന ഖബറിടത്തിനരികിൽ അവർ മൂവരും മുട്ടുകുത്തിയിരുന്നു.

അവരുടെ ഉപ്പയുടെ ഇളയ സഹോദരൻ ബഷീർ അവിടെയാണുറങ്ങുന്നത്. കണ്ണുകൾ നിറച്ചുകൊണ്ട് ജ്യേഷ്ഠൻ അബ്ദുൽ ഖാദിർ ഓർമകൾ അയവിറക്കുമ്പോൾ കണ്ണീരിന്റെ ആഴമറിയാതെ കുഞ്ഞുങ്ങൾ മൂകം നിന്നു.
വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങളെന്ന സൂഫിവര്യനായിരുന്ന പിതാവിനു സവിധത്തിലാണ് ബഷീറിന്റെ ഖബറിടം. എല്ലാ വർഷവും റജബ് 23 മുതൽ 26 വരേയും റബീഉൽ അവ്വൽ 28 മുതൽ 30 വരേയും പിതാവിന്റെ ഖബറിടമായ മലയിൽ മഖാമിലെ നേർച്ചക്കാലത്ത് എവിടെയാണെങ്കിലും ബഷീർ ഓടിയെത്തുമായിരുന്നു. തലസ്ഥാനത്തെ തിരക്കേറിയ മാധ്യമ ജീവിതത്തിനിടെ അവൻ എത്ര തവണ പിതാവിന്റെ ധന്യസ്മരണ നുകരാൻ ഓടിയെത്തിയിരിക്കുന്നു!.
വിവാഹിതനായ ശേഷം പ്രിയതമ ജസീലയേയും മക്കൾ ജെന്നയേയും അസ്മിയേയും കൈപിടിച്ച് അവൻ ഉപ്പയുടെ സാന്നിധ്യം നുകരാൻ എല്ലാ തവണയും വന്നു.

[irp]

ആറാം ക്ലാസിൽ കാരന്തൂർ മർകസിൽ പഠിക്കാൻ പോയതാണ് ബഷീർ. അവിടെ നിന്നു വളർന്നു. പത്രപ്രവർത്തനം കർമ മാർഗമായി തിരഞ്ഞെടുത്തു. തൊഴിൽ അവന് ആരാധനയായിരുന്നു. ഒരു സൂഫി പ്രപഞ്ച ചൈതന്യത്തിൽ മുഴുകുന്നതുപോലെ അവൻ കാലവും നേരവും ഇല്ലാതെ തന്റെ കർമത്തിൽ മുഴുകി. പാതിരാവിൽ ഗതിമാറിയ കാറിന്റെ ശരവേഗമായി മൃത്യു ചീറിയെത്തുമ്പോഴും പാതയോരത്ത് ഉണർന്നിരിക്കാൻ അവനെ പ്രേരിപ്പിച്ചത് മറ്റെന്താണ്?
ദുർഘടമായ ആ രാവിൽ ഉറക്കം മുറിച്ച ഒരസാധാരണ ഫോൺ വിളിയായി അനുജന്റെ വിയോഗ വാർത്ത കണ്ടിയിൽ വീട്ടിൽ നിലവിളിച്ചെത്തി.
അന്നേരം അബ്ദുൽ ഖാദിറിന്റെ മനസ്സിൽ ഓടിയെത്തിയത് അവന്റെ അവസാനത്തെ വരവായിരുന്നു. ഒരാഴ്ച മുമ്പ് ഒരു പകൽ അവൻ ഭാര്യയും മക്കളുമായി വന്നു തിരക്കിട്ടു തിരിച്ചുപോയതായിരുന്നു. ഉച്ചയൂണ് കഴിക്കാൻ പോലും അവൻ നിന്നില്ല. അവന് ജോലിസ്ഥലത്ത് എത്താനുള്ള ധൃതിയായിരുന്നു. ഉണ്ണാൻ നിന്നാൽ വൈകും. ഉടനെത്തന്നെ വീണ്ടും വരുമെന്നു പറഞ്ഞു കൈവീശിയായിരുന്നു അവൻ യാത്ര പറഞ്ഞത്.

ഇനിയൊരിക്കലും തിരക്കിട്ടു തിരികെ പോകാത്ത വിധം ഉപ്പയുടെ ചാരെ നിത്യ നിദ്രക്കായി എത്തുമെന്നാണോ പ്രിയപ്പെട്ട അനുജൻ അന്നു പറഞ്ഞതിന്റെ അർഥമെന്നോർക്കുമ്പോൾ അബ്ദുൽ ഖാദിർ ഇപ്പോഴും തേങ്ങിപ്പോകുന്നു.

ബഷീർ അന്ത്യവിശ്രമം കൊള്ളുന്ന മലയിൽ മഖാമിലെ ഖബറിടം

ആറ് മക്കളിൽ മൂന്നാമനായ ബഷീറിന് അബ്ദുൽ ഖാദിറിനേക്കാൾ അഞ്ച് വയസ്സിന്റെ ഇളപ്പമുണ്ട്. അതിനാൽ കുഞ്ഞു ബഷീറിനെ കൈപിടിച്ച് ജീവിതത്തിലേക്ക് നടത്തിച്ച ഓരോ നിമിഷങ്ങളും ഖാദിറിനെ കരയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
സൂഫിയായ ഉപ്പ മക്കത്തും മദീനത്തും പോയി നാടായ നാടൊക്കെ ചുറ്റി ആത്മീയ ചൈതന്യം നുകർന്ന് തിരിച്ചെത്തി എൺപതാം വയസ്സിലാണ് തിരൂരിലെ തിത്താച്ചു ഹജ്ജുമ്മയെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. നൂറ്റിയഞ്ച് വയസ്സുവരെയെങ്കിലും ജീവിച്ച ശേഷമാണ് പിതാവ് വിടവാങ്ങിയത്. അനേകർ ആത്മീയ സാന്ത്വനം തേടിയെത്തിയ പിതാവുമൊത്തുള്ള ഓർമകളിൽ ബഷീർ ഇന്നും പിച്ചവെക്കുന്ന കുഞ്ഞാണ്.

വടകരയുടെ അന്തരംഗത്തിൽ ആ സൂഫി വര്യന്റെ ഓർമകൾ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ മഖാമിലെ ആണ്ടു നേർച്ചയായിരുന്നു അന്ന് ഗ്രാമത്തിന്റെ വയറു നിറച്ചത്. അതു നാടിന്റെ മഹോത്സവമായിരുന്നു. ചാനിയം കടവുകടന്നു തോണിയിൽ നേർച്ചയുമായി പാടവരമ്പുകളും ഇടവഴികളും പിന്നിട്ടു വന്നിരുന്ന അനേകരെ കൊണ്ടു നിറഞ്ഞ അന്നത്തെ കുഗ്രാമത്തിന്റെ സ്മൃതിയിൽ വലിയുല്ലാഹിയുടെ അനേകം പോരിശകൾ അടുക്കിവെച്ചിരിക്കുന്നു.
ആ സൂഫിവര്യന്റെ കിടാവ് അകാലത്തിൽ വേർപെട്ടപ്പോൾ അത് നാടിന്റെയാകെ വേദനയായി പരിണമിക്കാൻ അർധരാത്രിയിൽ നിന്ന് ഒരു പുലരിയിലേക്കുള്ള ദൂരം മതിയായിരുന്നു. നാടൊന്നടങ്കം കണ്ടിയിൽ വീട്ടിലേക്കു പ്രവഹിച്ചു.

തൂവെള്ള കഫൻപുടവക്കുള്ളിൽ മായാത്ത പുഞ്ചിരിയുമായി അവൻ അന്ത്യയാത്രക്കായി വന്നപ്പോൾ ആയിരങ്ങൾ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അവന്റെ ഓർമയിൽ അനന്തപുരിയിലെ ചങ്ങാതിമാർ തയ്യാറാക്കിയ “ആ ചെറുചിരിയിൽ” എന്ന പുസ്തകത്താളിൽ അലയടിക്കുന്ന സ്മരണകൾ പോലെ അനേകർ പിന്നെയും ആ വീട്ടിൽ വന്നു. അവർക്കെല്ലാം ഓർക്കാനുണ്ടായിരുന്നത് മായാത്ത ആ പുഞ്ചിരിയായിരുന്നു. ആ നറുപുഞ്ചിരിക്ക് ഒറ്റ അർഥമേ ഉണ്ടായിരുന്നുള്ളൂ. ഒരു സൂഫിയിൽ നിന്നു പരമ്പരയായി ലഭിച്ച ആത്മീയ ചാരുതയുള്ള നിസ്സംഗമായ ഭാവം. പിതാവിന്റെ മഹത്വം അവൻ ആരോടും പങ്കുവെച്ചു അഹങ്കരിച്ചില്ല. ഒരു വ്യാഴവട്ടക്കാലത്തെ തലസ്ഥാനത്തെ പത്രപ്രവർത്തക ജീവിതം പല ശ്രേണിയിലുള്ളവരുമായി അവന് സൗഹാർദമുണ്ടാക്കി. ആ ബന്ധങ്ങൾ നിർമമവും എന്നാൽ ഊഷ്മളവുമായി നിലനിർത്താൻ കഴിഞ്ഞതിനു പിന്നിൽ പിതാവിന്റെ ഒരു “സിൽസില” അല്ലാതെ എന്തായിരിക്കാം. ഒരു ഹൃദയത്തിൽ നിന്നു മറ്റൊരു ഹൃദയത്തിലേക്കുള്ള ആത്മീയ ഔന്നത്യത്തിന്റെ കൈമാറ്റത്തെയാണ് സൂഫികൾ സിൽസില എന്നു വിളിക്കുന്നത്. ഒരുവൻ സമ്പൂർണമായതിലേക്ക് അലിഞ്ഞുചേരുന്നതാണ് സൂഫിസം. ബഷീർ പത്രപ്രവർത്തനത്തിന്റെ ഏകതാനതയിലേക്ക് അലിഞ്ഞുചേർന്നു. ഒരു സമ്പൂർണതയെ തന്റെ ഹൃദയത്തിലേക്കു ക്ഷണിച്ചുവരുത്തുന്നു സൂഫിസം. അവൻ സ്‌നേഹ സൗഹാർദങ്ങളെ തന്റെ ഹൃദയത്തിലേക്ക് ക്ഷണിച്ചുവരുത്തി. ഒരാൾ സ്രഷ്ടാവുമായി കൂടുതൽ അടുക്കുമ്പോൾ അയാൾ സ്വയം ആവിയായിപ്പോകുന്നു. ഏറ്റവും അടുത്തെത്തുമ്പോൾ അയാളില്ലാതായിത്തീരുന്നു… അതാണ് സൂഫിസത്തിന്റെ വഴി. ബഷീറിന് തന്റെ കർമം അങ്ങനെയായിരുന്നു. അസാധാരണമായ ഒരു ജീവിതം. സ്വയം നിറഞ്ഞു കവിഞ്ഞ ഒരു ബഷീറുണ്ടായിരുന്നു. അവൻ ഇല്ലാതായപ്പോഴാണ് ആ നിറഞ്ഞു കവിയൽ ഏവരും അറിഞ്ഞത്. പൂർണനും അപൂർണനുമായ മനുഷ്യനിലെ തടസ്സം നീക്കുന്ന കലയാണ് സൂഫിസമെങ്കിൽ പത്രപ്രവർത്തനത്തിൽ അപൂർവമായി പ്രത്യക്ഷപ്പെട്ട ഒരു സൂഫിയായിരുന്നു ബഷീർ.

സൂഫിക്ക് നിർവചനമോ പര്യായമോ ഇല്ല. അതിനെ ജീവിക്കാനും അനുഭവിക്കാനും മാത്രമേ കഴിയൂ. വഴിവക്കിൽ ഇരുൾ മറയിൽ കാറിടിച്ച് തൂവൽ പൊഴിയുന്ന ലാഘവത്തോടെ പൊലിഞ്ഞുപോയ ദുർബലമായ ആ നിമിഷം വരെ പത്രപ്രവർത്തനത്തിനുവേണ്ടി അവനത് അനുഭവിച്ചു.

[irp]

ഒരു സത്യാന്വേഷകന്റെ ഹൃദയത്തിൽ മൂന്ന് അടിസ്ഥാന സ്വഭാവ ഗുണങ്ങൾ ഖുർആൻ അനുശാസിക്കുന്നതായി പണ്ഡിതർ പറയുന്നു.
ഖുശൂഅ്, കറാമത്ത്, സിദ്ഖ് എന്ന ഈ മൂന്ന് നെടുംതൂണുകളിലാണ് സൂഫിസം പടുത്തിരിക്കുന്നത്. ഖുശൂഅ് – എളിമ, വിനയം. കറാമത്ത് – പരോപകാര പ്രവൃത്തി, പങ്കുവെക്കൽ, ദാനം ചെയ്യുന്നതിന്റെ ആനന്ദം. സിദ്ഖ് – സത്യസന്ധത, മൗലികത, നാട്യമില്ലായ്മ… തീർച്ചയായും ഈ ഗുണഗണങ്ങൾ ഒന്നുചേർന്ന ഒരു സത്യാന്വേഷകന്റെ പാതയായിരുന്നു ബഷീറിന് പത്രപ്രവർത്തനം.

തിരുവനന്തപുരത്ത് രണ്ട് വർഷം മാത്രം നീണ്ട എന്റെ പത്രപ്രവർത്തന നാളുകളിൽ സെക്രട്ടേറിയറ്റിലെ മീഡിയ റൂമിലും നിയമ സഭയിലെ പ്രസ് ഗ്യാലറിയിലും എത്രയോ തവണ ബഷീറിനെ കണ്ടിട്ടുണ്ട്. തലസ്ഥാനത്തെ മുതിർന്ന പത്ര പ്രവർത്തകരുടെ ചങ്ങാത്ത സദസ്സുകളിൽ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ബഷീർ…
കൊവിഡ് കാലത്തെ ഭീതി നിഴലിട്ട ഒരു പകലാണ് ബഷീറിന്റെ ഖബറിടം കാണാൻ പോകുന്നത്. കണ്ടെയിൻമെന്റ് സോണുകളാൽ ചെറുവണ്ണൂർ ചുറ്റപ്പെട്ടിരിക്കുന്നു. പോകുന്ന വഴികളിലെല്ലാം ബാരിക്കേഡുകളും പോലീസ് കാവലുമുണ്ട്. എവിടെയും വണ്ടി നിർത്താതെ മലയിൽ മഖാമിലേക്കുള്ള വഴിയിലൂടെ ബഷീറിന്റെ സഹോദരൻ പാർക്കുന്ന കണ്ടിയിൽ വീട്ടിലെത്തി.

അവിടെ കോലായിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുഞ്ഞുങ്ങൾ എന്നെ വരവേറ്റു. മാസ്‌കിട്ട എന്നോട് ആരാണെന്ന് അവർ ആരാഞ്ഞു. സിറാജ് പത്രത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു. അവർ കാത്തിരുന്ന ആരോ വന്നതുപോലെ…
മുഖം കണ്ടില്ലെങ്കിലും ചിരപരിചിതനായ ഒരാളോടെന്നപോലെ അവർ വർത്തമാനങ്ങൾ പറഞ്ഞു. അവർ ഉപ്പയെ വിളിച്ചു വരുത്തി. മുറ്റത്തെ അത്തിമരത്തണലിൽ അപരിചിതനായി നിന്ന എന്നെ അവർ ഇരിക്കാൻ ക്ഷണിച്ചു.

ബഷീറിന്റെ ഖബറിടത്തിലേക്ക് അവരെന്നെ അനുഗമിച്ചു. അവരുടെ ഉള്ളിൽ ബഷീർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഖബറിടത്തിലെ വാടാർമല്ലിപോലെ….

• എം ബിജുശങ്കർ

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest