Connect with us

National

സുശാന്ത് സിംഗിന്റെ മരണം: അന്വേഷണം സി ബി ഐക്ക് വിടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Published

|

Last Updated

മുംബൈ | ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പോലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. വിഷയം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും കാമ്പുള്ള കാര്യങ്ങൾ കൈയിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹരജിക്കാരനോട് സുപ്രീം കോടതി അറിയിച്ചു.

അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു. മുംബൈയിലെ ചലച്ചിത്രമേഖലയിലെ സ്വജനപക്ഷപാതം സുശാന്തിന്റെ മരണത്തിന് കാരണമായെന്നാരോപിച്ച് മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ചലച്ചിത്ര പ്രവർത്തകരായ സഞ്ജയ് ലീലാ ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ, റിയ ചക്രവർത്തി, സഹതാരങ്ങൾ, ഡോക്ടർമാർ തുടങ്ങിയവരുൾപ്പെടെ 40ലധികം പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.

ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.