Connect with us

Gulf

ആഗോള മയക്കുമരുന്ന് സംഘത്തലവൻ പിടിയിൽ

Published

|

Last Updated

ദുബൈ | ആഗോള തലത്തിൽ മയക്കുമരുന്നും ആയുധങ്ങളും കച്ചവടം ചെയ്യുന്ന സംഘത്തിന്റെ തലവൻ ദുബൈയിൽ പിടിയിൽ. കുപ്രസിദ്ധ ‘കോ ളിൻ ഗൺ” സംഘത്തിന്റെ തല വൻ ക്രെയ്ഗ് മാർട്ടിൻ മൊറാനെയാണ് (38) അറസ്റ്റിലായത്. നിരവധി കുറ്റകൃത്യങ്ങളുടെ പേരിൽ യു കെ അധികൃതർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ്. കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്യാൻ യുഎഇക്ക് ഇന്റർപോളിൽ നിന്ന് റെഡ് കോർണർ നോട്ടീസ് ലഭിച്ചിരുന്നുവെന്നു ദുബൈ പോലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. താമസസ്ഥലത്ത് നിന്ന് കാറിൽ പോകുമ്പോൾ അറസ്റ്റിലാകുകയായിരുന്നു. കുറേ ദിവസമായി ദുബൈ പോലീസ് കർശന നിരീക്ഷണം നടത്തി വരികയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയ ശേഷം യു കെക്ക് കൈമാറി.

പതിനാറാം വയസ്സുമുതൽ സ്വന്തം രാജ്യത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണ് മാർട്ടിൻ. നോട്ടിംഗ്ഹാമിലെ ഒരു ജ്വല്ലറിയിൽ സായുധ കവർച്ച നടത്തിയായിരുന്നു തുടക്കം. അതിനു ശേഷം നിരവധി തവണ ജയിലിൽ പോയി. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ യു എ ഇയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മയക്കുമരുന്നിൽ നിന്നും ആയുധ വ്യാപാരത്തിൽ നിന്നും മുക്തമായ സമൂഹങ്ങൾ സ്ഥാപിക്കുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു, ലഫ്റ്റനന്റ് ജനറൽ അൽ മർറി പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടീഷ് അധികൃതർ വിവരങ്ങൾ കൈമാറിയത് അറസ്റ്റ് ചെയ്യാൻ സഹായിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.

കുറ്റവാളിയെ കണ്ടെത്താൻ ഞങ്ങൾ ഒരു സംഘത്തെ നിയോഗിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ (സി ഐ ഡി) ഡാറ്റാ അനാലിസിസ് സെന്ററിലെ ഏറ്റവും പുതിയ നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ താമസസ്ഥലം തിരിച്ചറിയുന്നതിനും സഞ്ചാരം നിരീക്ഷിക്കുന്നതിനും നിർമിത ബുദ്ധി ഉപയോഗിച്ചു, അൽ മൻസൂരി കൂട്ടിച്ചേർത്തു.

Latest