Connect with us

Gulf

ഹാജിമാര്‍ ഹറമിലെത്തി; ഖുദൂമിന്റെ ത്വവാഫിന് ശേഷം മിനായിലേക്ക്

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിച്ചതോടെ ത്വാഇഫിലെ ഖര്‍നുല്‍ മനാസില്‍ മീഖാത്തില്‍ നിന്നും ഇഹ്‌റാം ചെയ്ത ഹാജിമാര്‍ ഖുദൂമിന്റെ ത്വവാഫ് കര്‍മ്മം പൂര്‍ത്തിയാകുന്നതിനായി മക്കയിലേത്തി.

ബുധനാഴ്ച്ച രാവിലെയാണ് ഹാജിമാര്‍ ഇഹ്‌റാം ചെയ്യുന്നതിനായി മക്കയിലെ താമസ സ്ഥലങ്ങളില്‍ നിന്നും ത്വായിഫിലെത്തിയത്. ഇഹ്‌റാം പൂര്‍ത്തിയാക്കിയ ശേഷം ഇഹ്‌റാമിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും പൂര്‍ത്തിയാക്കിയാണ് മക്കയിലേക്ക് യാത്ര തിരിച്ചത്.

തീര്‍ത്ഥാടകരെ 20 അംഗങ്ങള്‍ വീതമുള്ള പ്രത്യേക ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പുകളെയും ഗൈഡുകള്‍ക്ക് കീഴിലാക്കിയുമാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സംവിധാനിച്ചിരിക്കുന്നത്. ത്വവാഫ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ പ്രത്യേക കുടയും, സംസം വെള്ളവും ഹാജിമാര്‍ക്ക് നല്‍കിയിരുന്നു.

കോവിഡ് സുരക്ഷയുടെ ഭാഗമായി ത്വവാഫ് വേളയില്‍ കഅബയെ തൊടുന്നതിനും, ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതിനും വിലക്കുണ്ട്. ഖുദൂമിന്റെ ത്വവാഫ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ രാപ്പാര്‍ക്കുന്നതിനായി തമ്പുകളുടെ നഗരിയായ മിനായിലേക്ക് നീങ്ങും.

Latest