Connect with us

Covid19

സുചിത്ര പിള്ള വധക്കേസ്: പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കൊട്ടിയം (കൊല്ലം) | കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര പിള്ള വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി അരുണ്‍കുമാര്‍ മുമ്പാകെയാണ് എ സി പി. ബി ഗോപകുമാര്‍, സൈബര്‍ സെല്‍ എസ് ഐ. വി അനില്‍ കുമാര്‍, ക്രൈം ബ്രാഞ്ച് എസ് ഐ. നിസാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

ബ്യൂട്ടി പാര്‍ലര്‍ ട്രെയിനറായിരുന്ന മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ സുചിത്രയെ കൊട്ടിയത്തു നിന്ന് കാണാതാവുകയും പിന്നീട് പാലക്കാട് മണലിയില്‍ സുഹൃത്തിന്റെ വീടിനു സമീപം കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സുചിത്രയുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്താണ് കേസിലെ പ്രതി. മകളെ കാണാനില്ലെന്നു പറഞ്ഞ് സുചിത്രയുടെ മാതാവ് വിജയലക്ഷ്മി കൊട്ടിയം പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. മാര്‍ച്ച് 17 ന് നാട്ടില്‍ നിന്നു പോയ മകളെ കുറിച്ച് 20 നു ശേഷവും വിവരമൊന്നുമില്ലെന്നായിരുന്നു പരാതി.

പോലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ വന്നതിനെ തുടര്‍ന്ന് വിജയലക്ഷ്മി ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം എ എസ് പി യുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏല്‍പ്പിച്ചതോടെയാണ് സംഭവം കൊലപാതകമാണെന്ന് വെളിപ്പെടുകയും കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. പാലക്കാട് മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചുകിടന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യയുടെ കുടുംബ സുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി കൂടുതല്‍ അടുപ്പത്തിലായി. സുചിത്രയില്‍ നിന്ന് പലപ്പോഴായി 2.75 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. പണം തിരിച്ചുകൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.