Connect with us

Saudi Arabia

അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ മിന ഒരുങ്ങി

Published

|

Last Updated

മിന  |ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സഊദിയില്‍ കഴിയുന്ന നൂറ്റി അറുപത് രാജ്യങ്ങളിലെ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹജ്ജിന്റെ പുണ്യ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാവുന്ന തമ്പുകളുടെ നഗരിയായ മിനാ താഴ്‌വര ഒരുങ്ങി കഴിഞ്ഞു കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ സുരക്ഷയിലാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്.

ഈ വര്‍ഷം 7000 സ്വദേശികള്‍ക്കും 3000 വിദേശികള്‍ക്കുമാണ് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത് .തീര്‍ഥാടക സംഘങ്ങളുടെ മക്കയിലേക്കുള്ള വരവ് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു .ജൂലൈ 28 ചൊവ്വാഴ്ചയോടെ തീര്‍ഥാടകര്‍ മക്കയിലെത്തിച്ചേരും. മക്കയില്‍ ഹജ്ജ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ഹോട്ടലുകളിലാണ് ഈ വര്‍ഷം ഹജ്ജിന് മുന്നോടിയായുള്ള താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് .ലോകത്തെ ഏറ്റവും വലിയ ടെന്റ് നഗരിയാണ് മിനയിലുള്ളത് .ഇരുപതു ലക്ഷത്തി അയ്യായിരം സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ടെന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്

ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ സാമൂഹിക അകലം പാലിച്ചാണ് മിനയില്‍ കഴിയുക . സുരക്ഷക്കായി സായുധസേന നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട് .കനത്ത മഴ, വെള്ളപ്പൊക്കം പോലെയുള്ള അടിയന്തരഘട്ടങ്ങള്‍ നേരിടാനും , അടിയന്തിര ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കാനും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ഒരു ലക്ഷം തമ്പുകളാണ് മിനയിലുള്ളത്

ജൂലൈ 29 പുലര്‍ച്ചയോടെ ഹാജിമാര്‍ ഇഹ്‌റാം ചെയ്യുന്നതിനായി ഖര്‍നുല്‍ മനാസില്‍ മീഖാത്തിലേക്ക് നീങ്ങും. രാവിലെ 7:30 ഓടെ ഇഹ്‌റാം നിര്‍വഹിച്ച ശേഷം ഖുദൂമിന്റെ ത്വവാഫ് പൂര്‍ത്തിയാക്കിയ ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുന്‍പായി ഹാജിമാര്‍ മക്കയില്‍ നിന്നും പ്രത്യേക ബസ്സുകളിലാണ് മക്കയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള മിനയിലെത്തിച്ചേരുക.മലകളാല്‍ ചുറ്റപ്പെട്ട മിനാ താഴ്വാരം ഇബ്രാഹീമീ സ്മരണ പുതുക്കി ലബ്ബൈക്കയുടെ മന്ത്രങ്ങള്‍ ഉരുവിട്ട് ഒരാഴ്ചകാലം ഇനി പ്രാര്‍ത്ഥനാ മുഖരിതമായിരിക്കും

ഹജ്ജിന്റെ ആദ്യ നടപടി ക്രമമായ ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കല്‍ മുതല്‍ ഹാജി മാരെ തിരഞ്ഞെടുക്കല്‍ വരെ കുറ്റമറ്റ രീതിയിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദുല്‍ഹിജ്ജ 12 വരെ ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫാത് എന്നിവിടങ്ങളിലേക്ക് ഹജ്ജ് അനുമതി പത്രം (തസ്രീഹ്) ഇല്ലാത്തവര്‍ക്ക് പ്രവേശന അനുമതിയും നിഷേധിച്ചിട്ടുണ്ട് .ഇത്തവണ കനത്ത സുരക്ഷാ വലയത്തിലാണ് മിന നഗരം

Latest