Connect with us

Editorial

പ്രതീക്ഷ പകരുന്ന വാക്‌സിന്‍ പരീക്ഷണങ്ങള്‍

Published

|

Last Updated

പ്രതിരോധത്തിന്റെ ചങ്ങല പൊട്ടിച്ച് കൊവിഡ് രോഗവ്യാപനം ശമനമില്ലാതെ മുന്നോട്ട് പോകുകയാണ്. രാജ്യത്ത് രോഗികളുടെ എണ്ണം 14 ലക്ഷം പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്തും അതിവേഗം രോഗം പടരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗികളായവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉറവിടമറിയാത്ത രോഗികള്‍ അതിനേക്കാളേറെ പ്രതിസന്ധിയുണ്ടാക്കുന്നു. മാസ്‌ക് ധരിക്കുന്നതും കൈകള്‍ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകുന്നതും കൃത്യമായി സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനത്തെ തടയുമെന്ന കാര്യത്തില്‍ സംശയമില്ല. സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകുന്നതിനേക്കാള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുകയെന്ന തന്ത്രമാണ് സര്‍ക്കാറും വിദഗ്ധരും മുന്നോട്ട് വെക്കുന്നത്. ഇത് ഫലപ്രദം തന്നെയാണ്. പക്ഷേ, സമൂഹ വ്യാപനത്തിലേക്ക് പോകുകയും ആരും രോഗവാഹകരാകാവുന്ന സ്ഥിതി വരികയും ചെയ്താല്‍ മൊത്തം താറുമാറാകും. ആരോഗ്യ രക്ഷാ സംവിധാനങ്ങളൊന്നും തികയാതെ വരും.

കൊവിഡിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി വര്‍ധിക്കുന്ന ഹേര്‍ഡ് ഇമ്മ്യുനിറ്റി കൈവരിക്കുന്നതിലേക്ക് നീങ്ങണമെങ്കില്‍ കൂടുതല്‍ കാലതാമസമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ലോകം കാത്തിരിക്കുന്നത് പ്രതിരോധ വാക്‌സിനു വേണ്ടിയാണ്. ഈ ദിശയില്‍ ഗവേഷകര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നതില്‍ തീര്‍ച്ചയായും ആശ്വസിക്കാം. 160ലേറെ ഗവേഷക സംഘങ്ങള്‍ വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് വാക്‌സിനായുള്ള അശ്രാന്ത പരിശ്രമം തുടരുന്നുണ്ട്. ഇവയില്‍ 23 എണ്ണത്തിലാണ് ക്ലിനിക്കല്‍ ട്രയലിലേക്ക്, മനുഷ്യരിലുള്ള പരീക്ഷണത്തിലേക്ക് എത്തിയിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഓക്‌സ്‌ഫോഡ് സംഘമാണ് ഏറെ മുന്നില്‍. ഇന്ത്യയിലെ കൊവാക്‌സിന്‍ പരീക്ഷണവും ക്ലിനിക്കല്‍ ടെസ്റ്റ് ഘട്ടത്തിലാണ്. എയിംസില്‍ കഴിഞ്ഞ ദിവസം 32കാരനില്‍ വാക്‌സിന്‍ പരീക്ഷിച്ചു കഴിഞ്ഞു. അങ്ങനെ പറയുമ്പോള്‍ വാക്‌സിന്‍ പരീക്ഷണത്തെ ഒരു ഓട്ടമത്സരമായി കാണേണ്ടതില്ല. മാനവരാശി ഒന്നാകെ അതിന്റെ ആര്‍ജിത ജ്ഞാനവും അനുഭവവും പ്രായോഗിക ബുദ്ധിയും വ്യയം ചെയ്ത് വലിയൊരു സന്ദിഗ്ധ ഘട്ടത്തെ മറികടക്കുന്നുവെന്നേ കാണേണ്ടതുള്ളൂ. പല പരീക്ഷണങ്ങളും നിരവധി രാജ്യങ്ങള്‍ കൂട്ടായാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഓക്‌സ്‌ഫോഡ് സംഘത്തിന് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയുണ്ട്. മാത്രവുമല്ല, ചാഡോക്‌സ് 1 എന്‍കോവ് 19 എന്ന് പേരിട്ട ഈ വാക്‌സിന്‍ നാല് രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരിലാണ് പരീക്ഷിക്കാന്‍ പോകുന്നത്. യു കെയില്‍ നിന്ന് 10,000, യു എസില്‍ നിന്ന് 30,000, ബ്രസീലില്‍ നിന്ന് 5,000, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 2,000 പേര്‍ എന്നിങ്ങനെയാണത്.

ഇങ്ങനെ കൂട്ടായ പരിശ്രമത്തിലൂടെ സാധ്യമാകുന്ന വാക്‌സിന്‍ ഏതെങ്കിലുമൊരു കമ്പനിയുടെയോ രാജ്യത്തിന്റെയോ കുത്തകയായി മാറരുത്. ആ രാജ്യത്തിന്റെ വ്യാപാര, വാണിജ്യ താത്പര്യങ്ങള്‍ വാക്‌സിന്‍ ലഭ്യതയെ ബാധിക്കാന്‍ പാടില്ല. കാരണം ഇത് മനുഷ്യ വംശം ഒന്നാകെ വന്നുപെട്ട ഒരു അപകട നിലയാണ്. അതുകൊണ്ട് ആര് വാക്‌സിന്‍ കണ്ടെത്തിയാലും എത്രയും വേഗം, തടസ്സമില്ലാതെ ലോകത്തിന്റെ ഏത് കോണിലും ലഭ്യമാകാനുള്ള സാഹചര്യമുണ്ടാകണം. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഇപ്പോഴേ ശ്രദ്ധ വെക്കണം. മരുന്ന് വിപണിയിലെ ലാഭക്കളികള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല രോഗങ്ങളും സൃഷ്ടിക്കുന്നത് തന്നെ മരുന്ന് കമ്പനികളാണെന്ന ആക്ഷേപവുമുണ്ട്. വാക്‌സിനുകള്‍ പലതും സംശയത്തിന്റെ നിഴലിലാണ് താനും. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ഇത്തരം കച്ചവടത്തില്‍ അകപ്പെടരുത്. ഏറ്റവും ചെലവ് കുറച്ച്, പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറഞ്ഞ വാക്‌സിന്‍ ലഭ്യമാക്കുകയെന്നതാകണം ലക്ഷ്യം.

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരിയില്‍ തന്നെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം തുടങ്ങിയിരുന്നു. ലാന്‍സെറ്റ് മാഗസിന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം, ചിമ്പാന്‍സിയില്‍ ജലദോഷത്തിന് കാരണമായ വൈറസിനെ ജനറ്റിക് എന്‍ജിനീയറിംഗിലൂടെ വ്യത്യാസം വരുത്തി തയ്യാറാക്കിയ വാക്‌സിനാണ് 1,077 പേരില്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ചെറിയ പനി, തലവേദന, ജലദോഷം തുടങ്ങിയ താരതമ്യേന നിസ്സാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് പരീക്ഷണത്തില്‍ ശ്രദ്ധയില്‍ പെട്ടത് എന്നത് ആശ്വാസകരമാണ്. കൊവിഡ് വൈറസിനെതിരെ ആന്റിബോഡികള്‍ നിര്‍മിക്കുകയും ദീര്‍ഘ കാലത്തേക്ക് വൈറസ് ആക്രമിക്കാതിരിക്കാന്‍ ശ്വേതരക്താണുക്കളെ ഉദ്ദീപിപ്പിക്കുകയുമാണ് ഇത്തരം വാക്‌സിനുകളുടെ ദൗത്യം. ഈ രണ്ട് പാരാമീറ്ററിലും ഓക്‌സ്‌ഫോഡ് വാക്‌സിന്‍ വിജയകരമാണ്.

എത്ര വേഗത്തില്‍ സഞ്ചരിച്ചാലും വാക്‌സിന്‍ പൂര്‍ണ അര്‍ഥത്തില്‍ സാധ്യമാകാന്‍ മാസങ്ങളെടുക്കും. അതുവരെ കൊവിഡിനെ മറ്റു വഴികളിലൂടെ പ്രതിരോധിച്ചേ തീരൂ. സര്‍ക്കാറും വിദഗ്ധരും നിര്‍ദേശിക്കുന്ന പ്രതിരോധ നടപടികള്‍ അക്ഷരംപ്രതി അനുസരിക്കണം. ഒപ്പം സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭക്ഷണ ക്രമം തുടങ്ങുകയും വേണം. ആരോഗ്യകരമായ ശീലങ്ങളിലേക്ക് മടങ്ങാനുള്ള അവസരമായി ഈ പരീക്ഷണ കാലത്തെ ഉപയോഗിക്കാനാകണം.