Connect with us

Gulf

ദുബൈ പോലീസ് അടിയന്തര സേവനം: രണ്ടാം പാദത്തിൽ 24 ലക്ഷം ഫോൺ കോൾ

Published

|

Last Updated

ദുബൈ | ദുബൈ പോലീസിന്റെ അടിയന്തര സഹായ ഹോട്ട്‌ലൈൻ നമ്പറി(999)ൽ ഈ വർഷം രണ്ടാം പാദത്തിൽ ലഭിച്ചത് 2,447,646 ഫോൺ സന്ദേശങ്ങൾ. ഇതേ കാലയളവിൽ തന്നെ നോൺ എമർജൻസി ഹോട്ട്‌ലൈനി(901)ൽ 379,122 ഫോൺ കോളുകളും ലഭിച്ചു.

ദുബൈ പോലീസ് മേധാവി ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന ഓപറേഷൻ ഡിപ്പാർട്‌മെന്റിന്റെ പ്രവർത്തന മൂല്യനിർണയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഓപറേഷൻ വിഭാഗം  അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സഫീൻ, ഓപറേഷൻസ് ഡയറക്ടർ എൻജി. മേജർ ജനറൽ കാമിൽ ബുതി അൽ സുവൈദി തുടങ്ങി ഉന്നതോദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
അടിയന്തരഘട്ടത്തിൽ പട്രോൾ സംഘത്തിനുള്ള ലക്ഷ്യം 8 മിനുറ്റാണ് എന്നിരിക്കെ ഓപറേഷൻ റൂമിൽ കാൾ ലഭിക്കുന്നതിനനുസരിച്ച് പോലീസ് പട്രോൾ സഹായസ്ഥലത്ത് ശരാശരി 4.34 മിനുറ്റിൽ എത്തുന്നു.

നോൺ എമർജൻസി സഹായത്തിന് വിളിച്ചാൽ ടാർജറ്റ് ടൈം 30 മിനിറ്റാണ്. എന്നാൽ ശരാശരി 12.32 മിനുറ്റിൽ തന്നെ പട്രോൾ സംഘം എത്തുന്നുണ്ട്.
സഹായഘട്ടങ്ങളുടെ സ്വഭാവം മനസിലാക്കി ഓപറേഷൻ റൂമിനെ ബന്ധപ്പെടണമെന്ന് പോലീസ് മേധാവി പൊതുജനങ്ങളോട് അഭ്യർഥിച്ചു. അടിയന്തരഘട്ടത്തിൽ മാത്രമേ 999ൽ ബന്ധപ്പെടാവൂ. നോൺ എമർജൻസിക്ക് 901ലും വിളിക്കണം.

Latest