Connect with us

Ongoing News

ഖത്വര്‍ ലോകകപ്പ്: കിക്കോഫ് നവംബര്‍ 21ന്‌

Published

|

Last Updated

ദോഹ | 2022ലെ ഖത്വർ ലോകകപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. സാധാരണ നിലയിൽ ജൂണിൽ നടക്കുന്ന ടൂർണമെന്റ്ഇത്തവണ നവംബർ- ഡിസംബർ മാസത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നവംബർ 21ന് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാകും ഉദ്ഘാടന മത്സരം. ഡിസംബർ 18നാണ് ഫൈനൽ മത്സരം. ലുസൈൽ സ്റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്.

ഈ സ്റ്റേഡിയത്തിൽ 80,000ത്തോളം കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ഒരു ദിവസം നാല് മത്സരങ്ങൾ വീതം എട്ട് സ്റ്റേഡിയങ്ങളിലായി ഗ്രൂപ്പടിസ്ഥാനത്തിൽ നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് മത്സരങ്ങൾ ഡിസംബർ രണ്ടിന് അവസാനിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസത്തെ ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 03.30നാണ്. രണ്ടാമത്തെ മത്സരം വൈകുന്നേരം 6.30നും മൂന്നാം മത്സരം രാത്രി 9.30നും അവസാന മത്സരം രാത്രി 12.30നും ആരംഭിക്കും. പ്രീക്വാട്ടർ മത്സരങ്ങൾ രാത്രി 8.30നും 12.30നുമാണ് ആരംഭിക്കുക. സെമി ഫൈനൽ മത്സരങ്ങളെല്ലാം രാത്രി 12.30നാണ്. ഫൈനലും ലൂസേഴ്സ് ഫൈനലും രാത്രി 8.30ന് ആരംഭിക്കും.

ഡിസംബർ മൂന്ന് മുതൽ റൗണ്ട് 16 മത്സരങ്ങൾ ആറിന് പൂർത്തിയാകും. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഒന്പത്, പത്ത് തീയതികളിൽ ക്വാട്ടർ മത്സരങ്ങൾ അരങ്ങേറും. 13, 14 തീയതികളിലാണ് സെമി ഫൈനലുകൾ. ആദ്യ രണ്ട് മത്സരങ്ങൾ 13ന് യഥാക്രമം ലുസൈൽ, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയങ്ങളിലാണ് നടക്കുക. ശേഷിക്കുന്ന രണ്ട് സെമി ഫൈനലുകൾ തൊട്ടടുത്ത ദിവസം അൽ ബൈത്ത്, അൽ തുമാമ സ്റ്റേഡിയങ്ങളിലായി നടക്കും. ഡിസംബർ 17ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള ലൂസേഴ്സ് ഫൈനലും 18ന് ഫൈനലും നടക്കും.

എട്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം കുറവാണെന്നതിനാൽ വിമാനത്തെ ആശ്രയിക്കാതെ തന്നെ ടീമുകൾക്ക് യാത്ര ചെയ്യാം. അതുകൊണ്ടുതന്നെ ഒരു ദിവസം നാല് കളികൾ നടത്തുക പ്രയാസകരമാകില്ല. ഇതുവഴി താരങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാൻ സാധിക്കുമെന്നും ലോകകപ്പ് അധികൃതർ പറഞ്ഞു. നവംബറിൽ ലോകകപ്പ് നടക്കുന്നതിനാൽ ആ വർഷത്തെ ക്ലബ് ഫുട്ബോൾ സീസണിൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കും.