Connect with us

International

ബ്രസീല്‍ പ്രസിഡന്റിന് വളര്‍ത്തുപക്ഷിയുടെ കൊത്തേറ്റു; ക്വാറന്റൈന്‍ അസഹനീയമെന്ന് ബൊല്‍സൊനാരോ

Published

|

Last Updated

ബ്രസീലിയ | കൊവിഡ്- 19 ബാധിച്ച് ഒരാഴ്ചയായി ക്വാറന്റൈനില്‍ കഴിയുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോക്ക് വളര്‍ത്തു പക്ഷിയുടെ കൊത്തേറ്റു. അദ്ദേഹം തന്നെ തീറ്റ കൊടുക്കുമ്പോഴാണ് എമു വിഭാഗത്തില്‍ പെടുന്ന റിയ എന്ന വലിയ പക്ഷി കൈക്ക് കൊത്തിയത്. നിരീക്ഷണത്തില്‍ ചടഞ്ഞിരിക്കുകയെന്നത് അസഹനീയമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.

ഔദ്യോഗിക വസതിക്ക് മുന്നിലൂടെ നടക്കുമ്പോഴാണ് റിയ പക്ഷിക്ക് തീറ്റ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്. തീറ്റ നല്‍കുമ്പോള്‍ പക്ഷി ആഞ്ഞു കൊത്തുന്ന ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വേദന കൊണ്ട് കൈ കുടയുന്ന ചിത്രങ്ങളുമുണ്ട്.

തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന വലിയ പക്ഷിയാണ് റിയ. 65കാരനായ ബൊല്‍സൊനാരോക്ക് കഴിഞ്ഞയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതാണ് ബ്രസീല്‍.

Latest