Connect with us

Covid19

ഫുട്‌ബോള്‍ താരം സയീദ് ശാഹിദ് ഹക്കീമിന് കൊവിഡ്

Published

|

Last Updated

ഹൈദരാബാദ് | ഫുട്‌ബോള്‍ താരവും ധ്യാന്‍ ചന്ദ് പുരസ്‌കാര ജേതാവുമായ സയീദ് ശാഹിദ് ഹക്കീമിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണ് അദ്ദേഹം. 1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 81 വയസ്സ് ആയിട്ടുണ്ട്.

ആറ് ദിവസം മുമ്പാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയ ഹൈദരാബാദിലെ ഹോട്ടലിലാണ് താനുള്ളതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യകാര്യത്തില്‍ പുരോഗതിയുള്ളതായും ഏതാനും ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ പോയതിന് ശേഷമാണ് തനിക്ക് അസുഖമുണ്ടായതെന്നും ഹക്കീം പറഞ്ഞു. 2017ലാണ് അദ്ദേഹത്തിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം ലഭിച്ചത്. വിരമിച്ചതിന് ശേഷം 1989 വരെ അന്താരാഷ്ട്ര മത്സരങ്ങളിലെ റഫറി, ഒഫിഷ്യല്‍ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. പിന്നീട് കോച്ചും സായിയുടെ ചീഫ് പ്രൊജക്ട് ഡയറക്ടറുമായിരുന്നു. ഇന്ത്യ എക്കാലവും കണ്ട ഫുട്‌ബോള്‍ താരം സയീദ് അബ്ദുര്‍റഹീമിന്റെ മകനാണ് അദ്ദേഹം.

Latest