Connect with us

Gulf

അബുദാബിയിൽ എത്താൻ ഗൻതൂത്തിൽ കൊവിഡ് പരിശോധന

Published

|

Last Updated

അബുദാബി | അബുദാബിയിൽ പ്രവേശിക്കുന്നതിന് ഗൻതൂത്തിൽ കൊവിഡ് പരിശോധനാ സൗകര്യം. അഞ്ച് മിനുട്ടിൽ ഫലം ലഭിക്കും. 50 ദിർഹം ഈടാക്കും.ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ ദ്രുത പരിശോധനാ സംവിധാനത്തിന് യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

വ്യാപക പരിശോധനകൾക്കും ഉടൻ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ട സാഹചര്യമുള്ള സന്ദർഭങ്ങൾക്കും ഈ പുതിയ സംവിധാനം ഏറെ പ്രയോജനകരമാണ്. അബുദാബി ആസ്ഥാനമായുള്ള ക്വാൻറ്‌ലേസ് ഇമേജിങ്ങ് ലാബ് വികസിപ്പിച്ചെടുത്ത ഈ ഉപകരണം, രക്തസാമ്പിളുകളിൽ നിന്ന് കേവലം സെക്കന്റുകൾ കൊണ്ട് വൈറസ് സാന്നിധ്യം കണ്ടെത്താൻ സഹായകമാണ്.

കൊവിഡ് -19 സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള പി സി ആർ പരിശോധന, ഈ ഉപകരണത്തിലൂടെയുള്ള പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താവുന്നതാണ്.
ഈ ഉപകരണം കൊറോണ വൈറസ് ബാധിതരാകാൻ സാധ്യതയുള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്നതിനാൽ, ഇതിന്റെ ഉപയോഗത്തിലൂടെ പി സി ആർ പരിശോധനകളുടെ എണ്ണം ഗണ്യമായി കുറക്കാനാകും.

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ കൊവിഡ് -19 പരിശോധനകൾക്കായി, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയും ആരോഗ്യ വകുപ്പും ചേർന്ന് സംയുക്തമായി ലാസ്റ്റ് എക്‌സിറ്റിൽ ആരംഭിച്ചിട്ടുള്ള പുതിയ ലേസർ-ടെസ്റ്റിംഗ് കേന്ദ്രത്തിൽ ഈ ഉപകരണമാണ് പരിശോധനകൾക്കായി ഉപയോഗിക്കുന്നത്.