Connect with us

Kerala

പ്ലസ്ടു പരീക്ഷയിൽ 85.1 ശതമാനം വിജയം

Published

|

Last Updated

തിരുവനന്തപുരം| രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ഹയർസെക്കൻഡറി പരീക്ഷയിൽ 85.1 ശതമാനം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൾ 81.8 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 84.3 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ പ്ലസ്ടു വിജയശതമാനം. സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ 3,19,782പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 18,510 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. സയൻസ് 88.62 ശതമാനം, ഹ്യുമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്‌സ് 84.52 ശതമാനം എന്നിങ്ങനെയാണ് ഓരോ വിഭാഗങ്ങളിലുമുള്ള വിജയ ശതമാനം.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴിയും സഫലം 2020, പിആർഡി ലൈവ് എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാം.

ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തുകയും കൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസിന് അർഹരാക്കുകയും ചെയ്ത ജില്ല മലപ്പുറമാണ്. 2,234പേർക്കാണ് ഇവിടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്‌ക്കൂൾ സെന്റ് മേരീസ് എച്ച് എസ് എസ് പട്ടം ആണ്. വിജയശതമാനം കൂടുതൽ ഉള്ള ജില്ല എറണാകുളവും കുറഞ്ഞ ജില്ല കാസർകോടുമാണ്. 114 സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷം ഇത് 79 അയിരുന്നു. 234 പേർക്ക് മുഴുവൻ മാർക്കും നേടാനായി. കഴിഞ്ഞ വർഷം ഇത് 183 ആയിരുന്നു.

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ 24 മുതൽ സ്വീകരിക്കും. സേ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും. എൽ എസ് എസ്, യു എസ് എസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ ഈ വർഷം മുതൽ വിദ്യാർഥിയുടെ മാതാപിതാക്കളുടെ പേരും ജനനത്തീയതിയും കൂടി രേഖപ്പെടുത്തും. കൊവിഡ് പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷം എപ്പോൾ തുടങ്ങാനാകുമെന്ന് പറയാനാകില്ല. മന്ത്രി വ്യക്തമാക്കി. ഈ മാസം പത്തിന് ഫലം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തലസ്ഥാന നഗരിയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം മാറ്റിവെക്കുകയായിരുന്നു.