Connect with us

International

ലിബിയയിൽ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് 40 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 225 മൃതദേഹങ്ങൾ

Published

|

Last Updated

ട്രിപ്പോളി| തലസ്ഥാനമായ ട്രിപ്പോളിയുടെ തെക്ക് ഭാഗത്തും തർഹ്വാന നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി കൂട്ടക്കുഴിമാടങ്ങളിൽ നടത്തിയ പരിശോധനയിൽ 40 ദിവസത്തിനുള്ളിൽ 225 മൃതദേഹങ്ങൾ കണ്ടെത്തിയതായി സൈന്യം. കിഴക്കൻ ലിബിയൻ യുദ്ധപ്രഭു ഖലീഫ ഹഫ്താറിന്റെ മിലിഷ്യയിൽ നിന്ന് മോചിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് സർക്കാർ നേതൃത്വത്തിലുള്ള ഓപറേഷൻ അഗ്നിപർവത റാഗിന്റെ പ്രസ് ഓഫീസ് അറിയിച്ചു.

തർഹ്വാനയെ ഹഫ്താറിന്റെ മിലിഷ്യയിൽ നിന്ന് മോചിപ്പിച്ചശേഷം ഒരു ഏജൻസി കൂട്ടക്കുഴിമാടങ്ങളും മൃതദേഹങ്ങളും കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ലിബിയൻ സർക്കാർ വിശദാന്വേഷണത്തിന്റെ ഭാഗമായി കൂട്ടക്കുഴിമാടങ്ങൾ തുറന്നപ്പോഴാണ് തർഹ്വാനയിലെ ഈ ക്രൂരത പുറംലോകമറിഞ്ഞത്. ജൂൺ അഞ്ചിനാണ് ലിബിയൻ സൈന്യം തർഹ്വാനയെ മോചിപ്പിച്ചത്.  അഞ്ചിനും 28നും ഇടയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 208 ആണ്. നൂറുകണക്കിന് മൃതദേഹങ്ങൾ സിറ്റി ആശുപത്രിയിലും ആശുപത്രിയിലെ കണ്ടെയ്‌നറിലും നഗരത്തിനടുത്തുള്ള കിണറിലും കണ്ടെത്തിയിട്ടുണ്ട്.

2019 ഏപ്രിൽ മുതൽ ട്രിപ്പോളിയിലും ലിബിയയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലും ഹഫ്താറിന്റെ നിയമവിരുദ്ധ സേന നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.