Connect with us

International

വിദേശ വിദ്യാർഥികൾ രാജ്യം വിട്ടു പോകണം; ഉത്തരവ് പിൻവലിച്ച് ട്രംപ് ഭരണകൂടം

Published

|

Last Updated

വാഷിംഗ്‌ടൺ| അമേരിക്കയിലെ വിദേശ വിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം പിൻവലിച്ചു. അമേരിക്കൻ സർവകലാശാലകളിൽ ക്ലാസുകൾ ഓൺലൈൻ ആയി മാറുന്നതോടെ വിദേശ വിദ്യാർഥികൾ രാജ്യം വിട്ട് പോകണമെന്ന് ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നു. തീരുമാനം സർക്കാർ പിൻവലിച്ചതായി ഫെഡറൽ ജഡ്ജ് അലിസൺ ബറോഗ് അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറിയിട്ടുണ്ടെങ്കിൽ രാജ്യം വിടണമെന്നാണ് വിദ്യാർത്ഥികളോട് യു.എസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറിയിച്ചിരുന്നത്. നിലവിൽ ഓൺലൈൻ ക്ലാസുകൾ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാർത്ഥികൾ ഒന്നുകിൽ രാജ്യം വിടുകയോ അല്ലെങ്കിൽ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവർ നിർദ്ദേശിക്കുന്നു.

ഈ നിർദേശത്തിനെതിരെ സർവകലാശാലകൾ നിയമ നടപടിയുമായി മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുഎസിലെ യൂണിവേഴ്‌സിറ്റികൾ, സിലിക്കൺ വാലി ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ എന്നിവയും കടുത്ത എതിർപ്പ് ഉയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഗസ്റ്റിൽ തുടങ്ങാനിരിക്കുന്ന സെമസ്റ്ററിനുള്ള വിദ്യാർത്ഥികളുടെ വിസ അനുവദിക്കില്ലെന്നും ഐ സി ഇ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ചൈനയിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികൾ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നിൽ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നിൽ. 44.7 ബില്യൺ ഡോളറാണ് വിദേശ വിദ്യാർത്ഥികളിലൂടെ അമേരിക്കയിലെത്തുന്നത്. 2018-19 അക്കാദമിക വർഷത്തെ കണക്കുകൾ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കുന്നത്.

Latest