Connect with us

Editorial

പി എം കെയേഴ്‌സിലെന്തിന് ഒളിച്ചുകളി?

Published

|

Last Updated

ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പി എം എന്‍ ആര്‍ എഫ് (പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ട്) നിലവിലിരിക്കെ, മോദി സര്‍ക്കാര്‍ പി എം കെയേഴ്‌സ് എന്ന പേരില്‍ ഒരു പുതിയ ഫണ്ട് രൂപവത്കരിച്ചതില്‍ ഒളി അജന്‍ഡയുണ്ടെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസത്തെ പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലെ സംഭവങ്ങള്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് മാര്‍ച്ച് 28ന് പി എം കെയേഴ്‌സ് ഫണ്ടിനു രൂപം നല്‍കിയത്. ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പി എ സി യോഗത്തില്‍ ഈ ഫണ്ട് ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ കമ്മിറ്റിയിലെ ബി ജെ പി അംഗങ്ങള്‍ ശക്തിയായി എതിര്‍ക്കുകയായിരുന്നു. കൊവിഡ് 19 സംബന്ധിച്ച ചര്‍ച്ചക്കും അവര്‍ അനുവദിച്ചില്ല. ഈ വക കാര്യങ്ങള്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു ബി ജെ പിയുടെ വാദം. 20 അംഗങ്ങളുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ 12 പേരും ബി ജെ പി അംഗങ്ങളാണ്.

ചൈനീസ് കമ്പനികളില്‍ നിന്ന് പി എം കെയേഴ്‌സിലേക്ക് സംഭാവന സ്വീകരിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയും സര്‍ക്കാര്‍ ചൈനീസ് ബഹിഷ്‌കരണത്തിനു തീരുമാനിക്കുകയും ചെയ്ത ശേഷവും അവിടെ നിന്നുള്ള സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു. ചൈനീസ് കമ്പനികളായ പേ ടി എം 100 കോടി, ടിക് ടോക് 30 കോടി, ഷവോമി 15 കോടി, വിവോ ഏഴ് കോടി, ഓപോ ഒരു കോടി എന്നിങ്ങനെയാണ് പുറത്തുവന്ന സംഭാവനയുടെ കണക്കുകള്‍. അതിര്‍ത്തി കടന്നു കയറ്റത്തില്‍ ചൈനയെ ശക്തമായി വിമര്‍ശിക്കാനും കൈയേറ്റക്കാരെന്നു തുറന്നു പറയാനും മോദി തയ്യാറാകാത്തത് ചൈനീസ് കമ്പനികളുമായുള്ള സര്‍ക്കാറിന്റെ ഈ ബന്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സംഭാവന നല്‍കിയ കാര്യം കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പി എം കെയേഴ്‌സ് ഫണ്ട് വകമാറി ചെലവഴിക്കുന്നതായും ആരോപിക്കപ്പെടുന്നു. ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ട്. ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിന്റെ സാഹചര്യമിതാണ്. ഫണ്ട് നടത്തിപ്പിന്റെ പ്രവര്‍ത്തനം സുതാര്യമെങ്കില്‍ സര്‍ക്കാറും ബി ജെ പിയും ആരെയും ഭയക്കേണ്ടതില്ല. പിന്നെന്തിന് അവര്‍ ഓഡിറ്റിംഗിനെ എതിര്‍ക്കുന്നു?

പ്രധാനമന്ത്രിയുടെ സ്വകാര്യ ഫണ്ടാണിതെന്നാണ് ഓഡിറ്റിംഗിന് ആവശ്യപ്പെടുമ്പോഴും വിവരാവകാശ നിയമത്തില്‍ നിന്ന് ഇതിനെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിക്കുമ്പോഴും സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി. എന്നാല്‍ വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും ഇതിലേക്ക് വന്‍തോതില്‍ സംഭാവന നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെട്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഇങ്ങനെ സ്വരൂപിച്ച ഫണ്ട് പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തല്ല, രാഷ്ട്രത്തിന്റെ സ്വത്താണ്. ഇതിലേക്ക് ഏതെല്ലാം സ്രോതസ്സുകളില്‍ നിന്ന് പണം വരുന്നുവെന്നും ഏതെല്ലാം വഴിക്ക് പോകുന്നുവെന്നും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നിശ്ചയമായും ഇത് സി എ ജി ഓഡിറ്റിംഗിനോ പി എ സി ഓഡിറ്റിംഗിനോ വിധേയമാക്കേണ്ടതാണ്. അത്തരമൊരു നീക്കത്തെ പി എ സിയിലെ ഭരണകക്ഷിയുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ തടയുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് യോജിച്ചതല്ല. തികഞ്ഞ ഫാസിസമാണ്.

സര്‍ക്കാര്‍ ഏജന്‍സികളുടെ ഓഡിറ്റിംഗില്ലെങ്കിലും ഒരു സ്വകാര്യ ഏജന്‍സിയെ കൊണ്ട് സ്വതന്ത്ര ഓഡിറ്റിംഗ് നടത്തുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെ മറ്റൊരു ന്യായീകരണം. ഡല്‍ഹി ആസ്ഥാനമായ സാര്‍ക്ക് ആന്‍ഡ് അസോസിയേഷനെയാണ് ഇതിനായി അധികാരപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡോ യൂറോപ്യന്‍ ബിസിനസ് ഫോറം നേതാവ് സുനില്‍ കുമാറാണ് ഈ അസോസിയേഷന്റെ സ്ഥാപക ചെയര്‍മാന്‍. പി എം കെയേഴ്‌സിലേക്ക് 1.59 കോടി രൂപ സംഭാവന നല്‍കിയ സ്ഥാപനമാണിതെന്നിരിക്കെ ഇവരില്‍ നിന്ന് സ്വതന്ത്രമായ ഒരു ഓഡിറ്റിംഗ് പ്രതീക്ഷിക്കാമോ? ഒരു സര്‍ക്കാര്‍തല ഏജന്‍സി ഓഡിറ്റ് ചെയ്യുന്നതിനെ എന്തിനാണ് പ്രധാനമന്ത്രിയും ബി ജെ പിയും വല്ലാതെ ഭയക്കുന്നത്?
ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളാണ് ജനാധിപത്യ സംവിധാനത്തില്‍ ഭരണാധിപന്മാര്‍. ജനങ്ങളുടെ താത്പര്യങ്ങളും നാടിന്റെ നന്മയും മനസ്സിലാക്കി അതിനനുസൃതമായി ഭരണം നടത്തുകയാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ കടമ. ജനങ്ങളോട് എപ്പോഴും ഉത്തരം പറയാനും അവരുടെ സന്ദേഹങ്ങള്‍ ദൂരീകരിക്കാനും അവര്‍ ബാധ്യസ്ഥരാണ്. ജനങ്ങളാണ് ജനാധിപത്യത്തില്‍ യജമാനന്മാരെന്ന വിശേഷണത്തിന്റെ പ്രസക്തി ഇവിടെയാണ്. അപ്പോഴാണ് ഭരണത്തില്‍ സുതാര്യത കൈവരുന്നതും രാജ്യം അഴിമതി മുക്തമാകുകയും ചെയ്യുന്നത്. ഇന്ന് പക്ഷേ, ജനങ്ങള്‍ അറിയേണ്ട പല കാര്യങ്ങളും ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. അഴിമതിയും അപ്രിയ സത്യങ്ങളും മറച്ചു പിടിക്കുകയാണ് ലക്ഷ്യം. ചരിത്ര സംഭവമെന്ന അവകാശവാദത്തോടെയാണ് പാര്‍ലിമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത്. ബ്രിട്ടീഷുകാരില്‍ നിന്നുള്ള മോചനത്തിനു ശേഷം ജനങ്ങള്‍ക്കു ലഭിച്ച മറ്റൊരു സ്വാതന്ത്ര്യമെന്നു കൊട്ടിഘോഷിക്കപ്പെട്ട ഈ നിയമത്തിന്റെ ആനുകൂല്യം എത്രത്തോളം ജനങ്ങള്‍ക്കാസ്വദിക്കാനാകുന്നുണ്ട്? ഭരണത്തിന്റെ ഓരോ മേഖലയും സര്‍ക്കാര്‍ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി എം കെയേഴ്‌സ് ഫണ്ട്. ജനാധിപത്യത്തില്‍ നിന്ന് ഫാസിസത്തിലേക്കുള്ള പ്രയാണത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
2018 ഒക്‌ടോബറില്‍ ന്യൂഡല്‍ഹിയില്‍ ദേശീയ വിവരാവകാശ കമ്മീഷന്റെ പതിമൂന്നാമത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇവിടെ പ്രസക്തമാണ്. “വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കാണ് ജനാധിപത്യത്തിന്റെ സത്ത. തങ്ങള്‍ എങ്ങനെയാണ് ഭരിക്കപ്പെടുന്നതെന്നും പൊതുപണം ഏതെല്ലാം മാര്‍ഗേണയാണ് വിനിയോഗിക്കപ്പെടുന്നതെന്നും പൊതു സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്”.

Latest