Connect with us

Kannur

പാലത്തായി: ബി ജെ പി നേതാവ് പത്മരാജനെതിരെ ഒടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പോക്‌സോ വകുപ്പുകളില്ല

Published

|

Last Updated

കണ്ണൂര്‍: തലശ്ശേരി പാനൂര്‍ പാലത്തായിയില്‍ ബി ജെ പി നേതാവ് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒടുവില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, നിലവില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. ഭാഗിക കുറ്റപത്രമാണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് സൂചനകള്‍. റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്കെതിരെ കുറ്റപത്രം നല്‍കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 82ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ ഡി വൈ എസ് പി മധുസൂധനന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ എട്ടിന് ഇയാളുടെ ജാമ്യഹരജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തള്ളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തള്ളിയത്. പത്മരാജന്‍ നിലവില്‍ തലശേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

---- facebook comment plugin here -----

Latest