Connect with us

Kerala

പ്രതികളുമായുള്ള ശിവശങ്കറിന്റെ ബന്ധവും സര്‍ക്കാര്‍തല അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി; മന്ത്രി ജലീല്‍ ബന്ധപ്പെട്ടതില്‍ അസ്വാഭാവികതയില്ല

Published

|

Last Updated

തിരുവനന്തപുരം | മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവാദ വനിതയുമായുള്ള ഫോണ്‍ ബന്ധവും മറ്റൊരു പ്രതിയുമായുള്ള ബന്ധവും നേരത്തേ ചുമതലപ്പെടുത്തിയ സമിതി അന്വേഷിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ നടപടിയിലേക്ക് കടക്കാന്‍ സര്‍ക്കാറിന് സാധിക്കൂ. വസ്തുതാപരമായ വീഴ്ചകളുണ്ടെങ്കില്‍ നടപടിയുണ്ടാകും. ആരെയും സംരക്ഷിക്കില്ല. നിലവില്‍ ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ട നിലയില്ല. അന്വേഷണത്തിന്റെ ഭാഗമായി കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി വരിക. ഒന്നിനും തടസ്സമില്ല. ചട്ടം അനുസരിച്ചേ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദ വനിതയുമായി സംസ്ഥാന മന്ത്രി കെ ടി ജലീല്‍ ഫോണില്‍ ബന്ധപ്പെട്ടതില്‍ അസ്വാഭാവികതയില്ല. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് ബന്ധപ്പെട്ടത്. ഇക്കാര്യം മന്ത്രി കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും സംശയങ്ങള്‍ ഉയരുന്നത് ശരിയല്ല. നമുക്ക് നേരായ വഴിക്ക് പോകുന്നതാണ് നല്ലത്. നേരത്തേ വന്ന വാര്‍ത്തകള്‍ക്ക് ഒരു നിമിഷത്തെ ആയുസ്സാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.