Connect with us

Kerala

സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമെന്ന് മന്ത്രി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. യു എ ഇ കോണ്‍സുലേറ്റിന്റെ റമസാന്‍ കിറ്റ് വിതരണവുമായി സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് സ്വപ്‌ന തന്നെ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് തവണ സ്വപ്‌ന തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വര്‍ഷങ്ങളിലും റമസാനിനോടനുബന്ധിച്ച് യു എ ഇ കോണ്‍സുലേറ്റ് റിലീഫിന്റെ ഭാഗമായി ഭക്ഷണക്കിറ്റുകള്‍ നല്‍കാറുണ്ട്. താന്‍ തന്നെ പല തവണ റിലീഫ് വിതരണ പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഇപ്രാവശ്യം ലോക്ക്ഡൗണ്‍ ആയതിനാല്‍ അവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മെയ് 27 ാം തീയതി യു എ ഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യേഗിക ഫോണില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിക്കുകയുണ്ടായി. ഭക്ഷണക്കിറ്റുകള്‍ ഉണ്ടെന്നും വിതരണത്തിന് താത്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നുമായിരുന്നു ഫോണില്‍ ലഭിച്ച സന്ദേശം. കണ്‍സ്യൂമര്‍ ഫെഡ് വഴി ഭക്ഷണക്കിറ്റുകള്‍ സജ്ജീകരിക്കാം എന്നു മറുപടി നല്‍കി. ഇതിനായി സ്വപ്ന ബന്ധപ്പെടുമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. ഇതനുസരിച്ചാണ് സ്വപ്ന തന്നെ ബന്ധപ്പെട്ടെതെന്നും വിളികളൊന്നും അസമയത്തായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ലഭിച്ച ആയിരത്തോളം ഭക്ഷണക്കിറ്റുകള്‍ എടപ്പാള്‍, തൃപ്പങ്ങോട് പഞ്ചായത്തുകളില്‍ വിതരണം ചെയ്തു. ഇവയുടെ ബില്ല് എടപ്പാള്‍ കണസ്യൂമര്‍ ഫെഡില്‍ നിന്നാണ് യു എ ഇ കോണ്‍സുലേറ്റിലേക്ക് അയച്ചത്. യു എ ഇ കോണ്‍സുല്‍ ജനറലിന്റെ അഡ്രസിലാണ് ഈ ബില്ല് അയച്ചത്. തന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം സ്വപ്നയെ വിളിച്ചതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Latest