Connect with us

Covid19

സംസ്ഥാന മെഡിക്കൽ ബോർഡ് റിപ്പോർട്ട്; രോഗബാധിതരിൽ 71.2 ശതമാനവും ചെറുപ്പക്കാർ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രോഗം ബാധിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരെന്ന് മെഡിക്കൽ റിപ്പോർട്ട്. രോഗബാധിതരിൽ 71.2 ശതമാനവും 11 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരാണെന്നാണ് പഠന റിപ്പോർട്ട്. കൊവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പുരുഷന്മാരാണെന്നും 42 ശതമാനം പേരും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ച് പഠന റിപ്പോർട്ട് വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികളെ പരിചരിച്ച ഡോക്ടർമാരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. സംസ്ഥാനത്ത് കൊവിഡ് ആദ്യം സ്ഥിരീകരിച്ച 500 പേരിലായിരുന്നു പഠനം.

മെഡിക്കൽ റിപ്പോർട്ടിൽ രോഗബാധിതരിൽ 4.4 ശതമാനം പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. 5.8 ശതമാനം 11നും 20നും ഇടയിൽ പ്രായമായവരും 28.4 ശതമാനം പേർ 21- 30 പ്രായത്തിനിടയിലുള്ളവരുമാണ്. രോഗം ബാധിച്ച 27.2 ശതമാനം പേർ 31നും 40 വയസ്സിനുമിടയിലാണ്. 16.8 ശതമാനം പേർ 41- 50 വയസ്സിനിടയിലും 10 ശതമാനം പേർ 51നും 60നും ഇടയിലുള്ളവരുമാണ്. 4.4 ശതമാനം പേർ 61 മുതൽ 70 വയസ്സ് വരെയും രണ്ട് ശതമാനം പേർ 71 മുതൽ 80 വയസ്സ് വരെയുള്ളവരുമാണ്. 80 വയസ്സിന് മുകളിൽ രോഗം ബാധിച്ചത് ഒരു ശതമാനം പേർക്ക് മാത്രമാണ്.
രോഗബാധിതരിൽ 73.4 ശതമാനം പേർ പുരുഷന്മാരും 26.6 ശതമാനം സ്ത്രീകളുമാണെന്നാണ് പഠന റിപ്പോർട്ട്. തൊണ്ടവേദനയാണ് കൂടുതൽ പേർക്കും രോഗലക്ഷണമായി പ്രകടമായത്. ചുമയും പനിയുമാണ് പിന്നീട് ലക്ഷണങ്ങളായി കണ്ടിരുന്നത്.

പത്ത് ശതമാനം പേരുടെ രോഗലക്ഷണം ശരീരവേദനയും എട്ട് ശതമാനം പേരുടെ ലക്ഷണം തലവേദനയുമായിരുന്നു. അഞ്ച് ശതമാനം പേർ ജലദോഷവും വയറിളക്കവും രോഗലക്ഷണങ്ങളായി പ്രകടിപ്പിച്ചവരായിരുന്നു. രോഗബാധിതരിൽ 42 ശതമാനത്തിന് രോഗലക്ഷണമുണ്ടായിരുന്നില്ല. 58 ശതമാനം പേർക്ക് രോഗലക്ഷണം പ്രകടമായിരുന്നു. ഇവരിൽ ഗുരുതര രോഗലക്ഷണമുള്ളവർ നാല് ശതമാനത്തിനടുത്തു മാത്രമായിരുന്നു.

രോഗബാധിതരിൽ 12.17 ശതമാനത്തോളം ആൾക്കാർക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുണ്ടായിരുന്നു. രോഗലക്ഷണം കണ്ടത് മുതൽ ചികിത്സ ആരംഭിക്കാൻ എടുത്ത സമയദൈർഘ്യം മൂന്ന് ദിവസത്തിൽ താഴെയാണ്.

ആർ ടി പി സി ആർ നെഗറ്റീവ് ആകാൻ എടുത്തത് ഏതാണ്ട് 13 ദിവസവും ആശുപത്രിയിൽ കിടക്കേണ്ടി വന്നത് 14 ദിവസവുമാണ്. ഐ സി യു വേണ്ടിവന്നത് ഒരു ശതമാനം രോഗികൾക്ക് മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്.

Latest