Connect with us

Gulf

വിസ, ഐഡി കാർഡുകൾ; അപേക്ഷകൾ ഓൺലൈനിലൂടെ ആകണമെന്ന് ഐ സി എ

Published

|

Last Updated

അബുദാബി| സേവനകേന്ദ്രങ്ങളിലെ ജനത്തിരക്ക് ഒഴിവാക്കുന്നതിന് വിസ, ഐഡി കാർഡുകളുടെ കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ ആകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ സി എ) വ്യക്തമാക്കി. നിലവിലെ കൊവിഡ് -19 സാഹചര്യത്തിൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ, രേഖകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായി കഴിയുന്നതും ഓൺലൈൻ സംവിധാനങ്ങളും, ഐ സി എ യുടെ സ്മാർട് ചാനൽ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം.

യു എ ഇയിൽ തുടരുന്ന പൗരന്മാർ, ജി സി സി പൗരന്മാർ, താമസവിസക്കാർ എന്നിവർക്ക് തങ്ങളുടെ രേഖകൾ പുതുക്കുന്നതിനായി 3 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഇത്തരം വിഭാഗങ്ങളിലുള്ളവർ, തങ്ങളുടെ രേഖകളുടെ സാധുത സമയബന്ധിതമായി പുതുക്കാൻ ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് മുഹമ്മദ് അൽ കഅബി നിർദേശിച്ചു.

ഇത്തരം സേവനങ്ങൾക്കായുള്ള തിരക്ക് ഒഴിവാക്കുന്നതിനായി, രേഖകളുടെ കാലാവധി അവസാനിക്കുന്ന തീയ്യതി അടിസ്ഥാനപ്പെടുത്തി, അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഘട്ടംഘട്ടമായുള്ള സമയപരിധികളും ഐ സി എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂലൈ 12 മുതൽ പുനരാരംഭിച്ച ഐ സി എ സേവനങ്ങളുടെ ആദ്യ ഘട്ടത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റെസിഡൻസി വിസ, ഐഡി കാർഡ് എന്നിവയുടെ കാലാവധി അവസാനിച്ചവരിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നതെന്ന് അൽ കഅബി വ്യക്തമാക്കി.

താമസവിസ, ഐഡി കാർഡ് എന്നിവയുടെ കാലാവധി മെയ് മാസത്തിൽ അവസാനിച്ചവർക്ക് ഓഗസ്റ്റ് 11 മുതലും, ജൂൺ 1 മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ കാലാവധി അവസാനിച്ചവർക്ക് സെപ്തംബർ 10 മുതലും പുതുക്കുന്നതിനായി അപേക്ഷിക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 12-നു ശേഷം റെസിഡൻസി വിസ, ഐഡി കാർഡ് എന്നിവയുടെ കാലാവധി അവസാനിക്കുന്നവർക്ക്, എപ്പോൾ വേണമെങ്കിലും ഇവ പുതുക്കുന്നതിനായി ഐ സി എ യുടെ സേവനം ഉപയോഗിക്കാവുന്നതാണ്.

രാജ്യത്തിന് പുറത്തുനിന്ന് യു എ ഇയിലേക്ക് പ്രവേശിക്കുന്ന ഇമാറാത്തി പൗരന്മാർ, ജി സി സി പൗരന്മാർ, ആറ് മാസത്തിൽ താഴെ യു എ ഇക്ക്  പുറത്ത് താമസിച്ച റെസിഡന്റ് വിസക്കാർ എന്നിവർക്ക്, രാജ്യത്ത് പ്രവേശിച്ച തീയ്യതി മുതൽ ഒരു മാസത്തെ സമയം രേഖകൾ പുതുക്കുന്നതിനായി നൽകിയിട്ടുണ്ട്. രാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10-നു ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ജൂലൈ 12 മുതൽ എല്ലാ സേവനങ്ങൾക്കും ഫീസ് ഈടാക്കുന്ന നടപടികളും ഐ സി എ പുനരാംഭിച്ചിട്ടുണ്ടെന്നും അൽ കഅബി കൂട്ടിച്ചേർത്തു.

Latest