Connect with us

Gulf

കാലഹരണപ്പെട്ട സന്ദർശക വിസക്കാർക്ക് രാജ്യം വിടുന്നതിനോ വിസ മാറ്റുന്നതിനോ ഒരു മാസം കൂടി

Published

|

Last Updated

ദുബൈ | മാർച്ച് ഒന്നിന് സന്ദർശക വിസ കാലഹരണപ്പെട്ടവർ രാജ്യം വിടുകയോ പുതുക്കുകയോ വേണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ സി എ). രാജ്യം വിടുന്നതിനോ വിസ നില മാറ്റുന്നതിനോ ഒരു മാസത്തെ സമയമാണുള്ളത്. ഇല്ലെങ്കിൽ കനത്ത പിഴ നേരിടേണ്ടിവരും. ജൂലൈ 12 ന് ഒരു മാസത്തെ സമയം ആരംഭിച്ചതായി ഐസിഎ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽ കഅബി വ്യക്തമാക്കി.

കാലഹരണപ്പെട്ട യു എ ഇ വിസകളും ഐഡികളും ഓൺലൈനിൽ പുതുക്കണം. യു എ ഇ കാബിനറ്റ് തീരുമാനമാണിത്.  പ്രവാസികളുടെ താമസവും വിസകളുടെയും സാധുതയും, എൻട്രി പെർമിറ്റുകളും ഐഡി കാർഡുകളുമായി ബന്ധപ്പെട്ട, മുമ്പ് പുറപ്പെടുവിച്ച എല്ലാനിർദേശങ്ങളും റദ്ദാക്കി. ഈ വർഷം ഡിസംബർ വരെയായിരുന്നു നേരത്തെയുള്ള കാലയളവ്.
രാജ്യത്തെ താമസക്കാർക്കും പൗരന്മാർക്കും രേഖകൾ പുതുക്കുന്നതിന് 90 ദിവസത്തെ സമയം നൽകുമെന്ന് അൽ കഅബി ആവർത്തിച്ചു. രാജ്യത്തിന് പുറത്തുള്ളവർ തിരിച്ചെത്തിയാൽ പുതുക്കാനായി ഒരു മാസത്തെ സമയമുണ്ട്.  യുഎഇയിൽ എത്തുന്ന തീയതി മുതൽ ഗ്രേസ് പിരീഡ് ആരംഭിക്കും.

നാട്ടിലുള്ള താമസവിസക്കാർ യു എ യിൽ തിരിച്ചെത്തിയാൽ രേഖകൾ ശരിയാക്കാൻ ഒരുമാസം സമയം നൽകും.
മാർച്ച് ഒന്നിനുശേഷം താമസ വിസാകാലാവധി അവസാനിച്ചവർക്ക് വിസ പുതുക്കാനും എമിറേറ്റ്‌സ് ഐഡി പുതുക്കാനും ജൂലൈ 12 മുതൽ മൂന്ന് മാസത്തെ സമയം നൽകും. ഈ കാലാവധിക്ക് ശേഷം അവർ പിഴ നൽകേണ്ടി വരും.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താമസ വിസ കാലാവധി തീർന്നവർക്ക് പുതുക്കാൻ ഇപ്പോൾ അപേക്ഷ നൽകാം. മെയിൽ കാലാവധി തീർന്നവർ ആഗസ്റ്റ് എട്ട് മുതൽ അപേക്ഷിച്ചാൽ മതി. ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ താമസവിസയുടെ കാലാവധി തീർന്നവർ സെപ്തംബർ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് ശേഷം കാലാവധി തീർന്നവർക്ക് പ്രത്യേക സമയക്രമം ബാധകമാക്കിയിട്ടില്ല.
നേരത്തേ വിസ കാലാവധികൾ ഡിസംബർ അവസാനം വരെ നീട്ടി എന്ന പ്രഖ്യാപനം ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ica.gov.ae എന്ന വെബ്‌സൈറ്റ് വഴി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.(സ്വന്തം ലേഖകൻ)