Connect with us

Covid19

മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴയിട്ട് അഹമ്മദാബാദ് ഭരണകൂടം

Published

|

Last Updated

അഹമ്മദാബാദ്| കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴയിട്ട് ജില്ലാ ഭരണകൂടം. ആദ്യം 200 രൂപയായിരുന്ന പിഴയാണ് 500 ആയി വർധിപ്പിച്ചത്. അതുപോലെ പാൻ കടകൾക്ക് സമീപം മുറുക്കി തുപ്പിയാൽ കടയുടമ 10,000 രൂപ പിഴയടക്കേണ്ടി വരും. നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് ഗുപ്ത ഇന്നലെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മുനിസിപ്പൽ കമ്മീഷണർ മുകേഷ് കുമാറുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ആളുകൾ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യം മാസ്‌ക് വെക്കുകയും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് ഇതുവരെ 1.76 ലക്ഷം ആളുകൾക്ക് പിഴ ചുമത്തിയതായും സാമൂഹിക അകലം പാലിക്കാത്തിന്റെ പേരിൽ 94 യൂനിറ്റുകൾ മുദ്ര വെച്ചതായും അറിയിച്ചു.

Latest