Connect with us

National

വികാസ് ദുബെയുടെ അനുയായി ആയ ഒരാൾ കൂടി അറസ്റ്റിൽ; ഇനി പിടികൂടാനുള്ളത് 11 പേരെ

Published

|

Last Updated

ലക്‌നോ| കാൺപൂർ ഏറ്റുമുട്ടൽ കേസിൽ വികാസ് ദുബെയുടെ അടുത്ത  അനുയായി ശശികാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുൾപ്പെടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ ആകെ 21 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ നാല് പേരെ പിടികൂടി. വികാസ് ദുബെ ഉൾപ്പെടെ ആറ് പ്രതികൾ വിവിധ സ്ഥലങ്ങളിലുണ്ടായ പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടു.ഇനി അവശേഷിക്കുന്നതെന്ന് 11 പേരാണെന്ന് എ ഡി ജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പറഞ്ഞു. കാൺപൂർ ആക്രമണത്തിനിടെ കൊള്ളയടിച്ച യു പി പോലീസിന്റെ രണ്ട് റൈഫിളുകളും ശശികാന്തിന്റെ കൈവശം കണ്ടെത്തി.

കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ബിക്രു ഗ്രാമത്തിലെ വീട്ടിൽ ഒളിപ്പിക്കാൻ വികാസ് ദുബെ തന്റെ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി എ ഡി ജി പറഞ്ഞു.ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ദുബെ കൊലപ്പെടുത്തിയ പോലീസുകാരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ  അതി ക്രൂരമായാണ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാക്കുന്നത്. എട്ട് പോലീസുകാരെയും വെടിവെച്ചിട്ടശേഷം വെട്ടിയും കുത്തിയും മാരകമായി കൊലപ്പെടുത്തുകയായിരുന്നു.
വികാസ് ദുബെയുടെ വീട്ടിലേക്ക് റെയ്ഡിന് പോയ പോലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രാകൃതമായ നടപടിയാണുണ്ടായതെന്ന് കാൺപൂർ പോലീസ് എസ് പി പറഞ്ഞു.

Latest