Connect with us

National

വികാസ് ദുബെ പ്രതിമാസം സമ്പാദിച്ചത് ഒരു കോടി;  ചെലവഴിച്ചതെങ്ങനെയെയെന്ന് കണ്ടെത്താനാകാതെ ഇ ഡി

Published

|

Last Updated

ലക്‌നോ| പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെ പ്രതിമാസം സമ്പാദിച്ചത് ഒരു കോടി രൂപയെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. എന്നാൽ ഈ പണം ചെലവഴിച്ചതെങ്ങിനെയെന്ന് കണ്ടെത്തുകയാണ് ഇ ഡിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

തികഞ്ഞ മദ്യവിരോധിയും ലളിത ജീവിതത്തിനുടമയുമായിരുന്നു ദുബൈ. 90 ലക്ഷം മുതൽ 1.20 കോടി രൂപ വരെ പ്രതിമാസം സമ്പാദിക്കുന്ന ദുബെ വിദേശയാത്രകൾക്കായി പണം മുടക്കുകയോ വില കൂടിയ സാധനങ്ങൾ വാങ്ങി കൂട്ടുകയോ ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഗുണ്ടാസംഘം ലളിതമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും ബേങ്ക് അക്കൗണ്ടുകളിലും വലിയ തുകകളില്ലെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അടുത്ത അനുയായികളുടെ ബേങ്ക് അക്കൗണ്ടുകളും മറ്റ് ചില ഇടപാടുകളും പരിശോധിക്കുന്ന ഇ ഡി സംഘം ദുബെയുടെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന നിശബ്ദ നിക്ഷേപകരെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. ഗുണ്ടാ സംഘവുമായി അടുത്തിടപഴകിയ ബിസിനസുകാർ ഉൾപ്പെടെയുള്ളവരുടെ പട്ടിക തയ്യാറാക്കുന്നുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ മാസം മൂന്നിന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ എട്ട് പോലീസുകാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു വികാസ് ദുബെ. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ദുബെയെ അഞ്ച് ദിവസത്തിന് ശേഷം ഒമ്പതിന് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ വെച്ചാണ് പിടികൂടിയത്. എന്നാൽ പത്തിന് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

Latest