Connect with us

Kerala

സ്വര്‍ണക്കടത്ത്; മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നു. ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാന്‍ ശിവശങ്കറിന് ഇന്ന് കസ്റ്റംസ് നോട്ടിസയക്കും. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരമാകും നോട്ടീസ്. നാളെയോ, മറ്റന്നാളോ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കേസിലെ ഗൂഢാലോചനയിലോ, സ്വര്‍ണക്കടത്തിലോ ശിവശങ്കറിന് ഒരു പങ്കുമില്ലെന്ന് പ്രതി സരിത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റിലെ ഗുഢാലോചന സരിത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും സരിത് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ ശിവശങ്കര്‍ താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ഫ്‌ളാറ്റ് വാടകക്ക് എടുത്തതായി കസ്റ്റംസ് കണ്ടെത്തി. കഴിഞ്ഞ ജൂണ്‍ അവസാനം ആറ് ദിവസത്തേക്കാണ് ഫ്‌ളാറ്റ് വാടകക്കെടുത്തത്. ഇതിന്റെ ഡിജിറ്റര്‍ രേഖകള്‍ കസ്റ്റംസിന് ലഭിച്ചു.

അതേസമയം ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന, വിവിധ സ്വര്‍ണ കള്ളക്കടത്ത് കേസുകളിലെ പ്രതി ജലാല്‍ നാടകീയമായി കീഴടങ്ങി. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ജലാല്‍ കീഴടങ്ങിയത്. നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കേസില്‍ ജലാലടക്കം മൂന്ന് പേര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. ഇതില്‍ രണ്ട് പേര്‍ കൊടുവള്ളി സ്വദേശികളാണെന്നും റിപ്പോര്‍ട്ടുണ്ട്. റമീസില്‍ നിന്ന് ജലാലടക്കം കസ്റ്റഡിയിലുള്ള മൂന്ന് പേരും സ്വര്‍ണ്ണം വാങ്ങിയെന്നാണ് സംശയം. ഇന്ന് വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വളരെ നാടകീയമായാണ് ഇന്നലെ പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

 

Latest