Connect with us

Editorial

വിവാദങ്ങള്‍ക്കിടയിലും സ്വര്‍ണക്കടത്ത് സജീവം

Published

|

Last Updated

തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള ബഹളത്തില്‍ മുങ്ങിയിരിക്കുകയാണിപ്പോള്‍ കേരളം. ഭീതിദമായ തോതില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനെ വിട്ട് രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളുമെല്ലാം സ്വര്‍ണക്കടത്തുകാരുടെയും കൂട്ടാളികളുടെയും പിന്നാലെയാണ്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയെന്ന നിലയിലല്ല, കേസിലെ സ്വപ്‌നസുരേഷിന്റെ സാന്നിധ്യവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന് അവരുമായുള്ള അടുത്ത ബന്ധവുമാണ് ഈ സംഭവത്തിന് വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മൂന്ന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമാക്കാനും ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് വരെ ഇത് തുടര്‍ന്നേക്കും. അത് കഴിയുന്നതോടെ സംഭവം വിസ്മൃതിയിലേക്ക് നീങ്ങും.

അതേസമയം, സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ഇനിയും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കും. വിവാദമായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് ബഹളത്തിനിടെ തന്നെ ഞായറാഴ്ച കരിപ്പൂരില്‍ നിന്ന് 1.14 കോടി വിലവരുന്ന രണ്ട് കിലോ 300 ഗ്രാം സ്വര്‍ണവും വെള്ളിയാഴ്ച ഒന്നരക്കോടിയോളം വിലവരുന്ന 3.3 കിലോ സ്വര്‍ണവും പിടികൂടി. അധികൃതരുടെ എല്ലാ വിലക്കുകളും നിയന്ത്രണങ്ങളും ലംഘിച്ച്, കസ്റ്റംസിന്റെ പരിശോധനകളെ നിഷ്ഫലമാക്കി കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം സ്വര്‍ണക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തിലാണ്. രാജ്യത്തെ മൊത്തം സ്വര്‍ണക്കടത്തില്‍ മൂന്നിലൊന്നും കേരളത്തിലേക്കാണെന്നാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാര്‍ പറയുന്നത്. കേരളത്തില്‍ ജി എസ് ടിയില്‍ രജിസ്റ്റര്‍ ചെയ്ത 12,000ത്തോളം വ്യാപാരികളുടെ ഒരു വര്‍ഷത്തെ വിറ്റുവരവ് ഏകദേശം 30,000 കോടി രൂപ മുതല്‍ 40,000 കോടി രൂപ വരെയാണെങ്കില്‍ കള്ളക്കടത്ത് മുഖേന രണ്ട് ലക്ഷം കോടിയുടെ സ്വര്‍ണം സംസ്ഥാനത്തെത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സുസംഘടിതരാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പറന്നുയരുന്ന മിക്ക വിമാനങ്ങളിലുമുണ്ട് കാരിയര്‍മാരായി ഇവരുടെ കണ്ണികള്‍. ചുരുക്കം ചിലത് മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. പിടിക്കപ്പെടുന്നതിലേറെയും കള്ളക്കടത്ത് സംഘങ്ങള്‍ക്കിടയിലെ കുടിപ്പക മൂലമുള്ള ചോര്‍ത്തിക്കൊടുക്കല്‍ മുഖേനയുമാണ്.

കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് അനധികൃത സ്വര്‍ണക്കടത്ത് വര്‍ധിച്ചത്. 2011ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഒരു ശതമാനമായിരുന്നു. പിന്നീട് പല തവണയായി തീരുവ വര്‍ധിപ്പിച്ചു. ഇപ്പോള്‍ അത് 12.5 ശതമാനത്തിലെത്തി. ലോകത്ത് സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. തീരുവ കുത്തനെ വര്‍ധിച്ചതോടെ നിയമ വിധേയമായ സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. എന്നാല്‍ രാജ്യത്തെ സ്വര്‍ണ ഉപഭോഗത്തില്‍ ഒരു കുറവും വന്നിട്ടുമില്ല. വര്‍ഷം തോറും അത് വര്‍ധിക്കുകയാണ്. അനധികൃത സ്വര്‍ണക്കടത്തിന്റെ വര്‍ധനവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വിദേശത്ത് നിന്ന് ഒരു കിലോ സ്വര്‍ണം നിയമപരമായ മാര്‍ഗത്തിലൂടെ കൊണ്ടുവരാന്‍ സര്‍ക്കാറില്‍ ഒടുക്കേണ്ട നികുതിയുള്‍പ്പെടെ 50 ലക്ഷം രൂപക്ക് മുകളില്‍ ചെലവ് വരും. അതേസമയം, ഇത്രയും സ്വര്‍ണം അനധികൃതമായി കൊണ്ടുവന്നാല്‍ ഏഴ് ലക്ഷം രൂപ ലാഭിക്കാനാകും. ഇതില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും മറ്റും വിഹിതം കഴിച്ചാലും നാലോ അഞ്ചോ ലക്ഷം ബാക്കിവരും. ഇതാണ് അനധികൃത കടത്ത് വര്‍ധിക്കുന്നതിന് കാരണം.
വിമാനങ്ങള്‍ വഴി മാത്രമല്ല, മറ്റു മാര്‍ഗങ്ങളിലൂടെയും കേരളത്തിലേക്ക് വന്‍തോതില്‍ അനധികൃത സ്വര്‍ണം എത്തുന്നുണ്ട്. പൊതുഗതാഗത സംവിധാനമടക്കം ഇതിനായി ദുരുപയോഗപ്പെടുത്തുന്നതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയതോടെയാണ് കടത്തുകാര്‍ മറ്റു മാര്‍ഗങ്ങളിലേക്ക് മാറിയത്. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്ന സ്വര്‍ണം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നതെന്നാണ് വിവരം. വില കുത്തനെ ഉയര്‍ന്നതോടെ വിവാഹ മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് ചെറിയൊരു ഇടിവ് സംഭവിച്ചെങ്കിലും സുരക്ഷിതമായ ഒരു നിക്ഷേപ ഉപാധി എന്ന നിലയില്‍ ഈ മഞ്ഞ ലോഹത്തിന് ഉയര്‍ന്ന പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തില്‍ കള്ളക്കടത്ത് ഇനിയും പൂര്‍വോപരി തുടര്‍ന്നു കൊണ്ടേയിരിക്കും.
നിയമ വിധേയമല്ലാതെ കേരളത്തിലെത്തുന്ന സ്വര്‍ണം എവിടേക്കാണ്, ആരിലേക്കാണ് പോകുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഒരു പിടിപാടുമില്ല. സ്വര്‍ണക്കള്ളക്കടത്തില്‍ ചെറിയൊരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. തൊണ്ണൂറ്റൊമ്പത് ശതമാനവും അധികൃതരുടെ കണ്ണുവെട്ടിച്ചോ അവരുടെ ഒത്താശയോടെയോ ഏതോ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്. ഈ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ലക്ഷ്യത്തിലെത്തുന്നില്ല. അവര്‍ക്ക് ഉന്നതതലങ്ങളിലുള്ള സ്വാധീനം കാരണം അന്വേഷണം ഇടക്കുവെച്ച് വഴിമുട്ടുകയാണ് പതിവ്. ഈ വഴിക്കു കൂടി ഫലപ്രദമായ അന്വേഷണം നടന്നെങ്കിലേ അനധികൃത സ്വര്‍ണക്കടത്ത് സംബന്ധിച്ച നിഗൂഢതകളുടെ ചുരുളുകള്‍ അഴിക്കാനാകുകയുള്ളൂ.

ഇറക്കുമതി തീരുവ കുറക്കുകയാണ് കള്ളക്കടത്ത് കുറക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശം. തീരുവ വര്‍ധിപ്പിച്ചാല്‍ നികുതി വരുമാനം വര്‍ധിക്കുമെന്ന ധാരണ അബദ്ധമാണ്. ഇത് നിയമ വിധേയമായ ഇറക്കുമതി കുറയാനും അനധികൃത മാര്‍ഗേണയുള്ള കടത്ത് വര്‍ധിക്കാനുമിടയാക്കും. കഴിഞ്ഞ വര്‍ഷം സ്വര്‍ണവ്യാപാര മേഖലയില്‍ നിന്ന് 3,000 കോടി രൂപ നികുതി വരുമാനം ലഭിക്കേണ്ട സ്ഥാനത്ത് 300 കോടിയാണ് സംസ്ഥാനത്തിന്റെ പൊതുഖജനാവിലെത്തിയത്. ഇറക്കുമതി തീരുവ നാല് ശതമാനമെങ്കിലുമാക്കി കുറക്കണമെന്നാണ് വ്യാപാര മേഖലയുടെ ആവശ്യം. ഇത് നേരായ മാര്‍ഗേണയുള്ള സ്വര്‍ണവരവിന്റെ വര്‍ധനവിനും അതുവഴി നികുതിയിനത്തിലുള്ള വരുമാന വര്‍ധനവിനും സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Latest