Connect with us

National

രാജസ്ഥാനില്‍ രണ്ട് എം എല്‍ എമാര്‍ ഗെഹ്ലോട്ട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

Published

|

Last Updated

ജയ്പൂര്‍ | പാര്‍ട്ടിയിലെ കലാപം കാരണം പ്രതിസന്ധിയിലായ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് കൂടുതല്‍ പ്രഹരമായി രണ്ട് എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം എല്‍ എമാരാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്.

നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എം എല്‍ എമാര്‍ക്ക് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി. 107 എം എല്‍ എമാരുടെയും പത്ത് സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഗെഹ്ലോട്ട് വിളിച്ച യോഗത്തില്‍ 106 എം എല്‍ എമാരാണ് പങ്കെടുത്തത്.

പാര്‍ട്ടിയുടെ 101 എം എല്‍ എമാരെ ഗെഹ്ലോട്ട് റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തന്നോടൊപ്പം 30 എം എല്‍ എമാരുണ്ടെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും 16 പേര്‍ മാത്രമെയുള്ളൂവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നാളെ നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. പൈലറ്റിനോടും വിമത എം എല്‍ എമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.