Connect with us

Gulf

സഊദിക്കെതിരെ ഡ്രോണ്‍ മിസൈല്‍ ആക്രമണ ശ്രമം സഖ്യ സേന തകര്‍ത്തു

Published

|

Last Updated

റിയാദ് | സഊദി അറേബ്യക്കെതിരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം സഖ്യ സേന തകര്‍ത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സഊദിയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യമനിലെ വിമത ഹൂത്തി സേന രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ആക്രമണ ശ്രമം ആകാശത്തുവെച്ച് തന്നെ അറബ് സഖ്യസേന തകര്‍ത്തതായി സൈനിക വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൂത്തികള്‍ രാജ്യത്തെ വിവിധ സിവിലിയന്‍ കേന്ദ്രങ്ങളെയും വ്യാവസായിക സ്ഥലങ്ങളെയും പ്രധാന വിമാനത്താവളങ്ങളെയും കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലയെയും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ നജ്‌റാന്‍, ജസാന്‍, അസീര്‍, വിശുദ്ധ നഗരമായ മക്ക എന്നീ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തിവരികയാണ്.

ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് അനുസൃതമായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു.