Connect with us

Kerala

ആര്‍ക്കും സംരക്ഷണമില്ല; കുറ്റക്കാരനാണെങ്കില്‍ കടുത്ത നടപടി ഉറപ്പ്- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കൊക്കെ പങ്കുണ്ടെന്നത് പുറത്തുവരട്ടെ. അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ഏറ്റവും പ്രമുഖമാണ്. എന്‍ ഐ എ അന്വേഷിക്കുന്നു. നമ്മള്‍ക്ക് കൂടുതല്‍ ഒന്നും അറിയില്ല. എന്‍ ഐ എ അന്വേഷണത്തിന് എല്ലാ പിന്തുണയും സഹായവും സംസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ആര് കുറ്റക്കാരായാലും അവരെ സംരക്ഷിക്കില്ല. സ്പീക്കറെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് നീക്കം. ഒരു പരിപാടിയില്‍ പങ്കെടുത്തതിനാണ് സ്പീക്കര്‍ക്ക് എതിരെ ആക്ഷേപം ഉന്നയിക്കുന്നത്. പരിപാടി നടക്കുമ്പോള്‍ ഇപ്പോള്‍ ആരോപണ വിധേയരായവര്‍ ആരാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ?. വിവാദമില്ലാത്ത സമയത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തത് ഇപ്പോള്‍ വിവാദമാകുമോ. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവരുമെന്ന് പറയുമെന്ന പ്രമേയവും അവിശ്വാസവും ന്യായമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണ വിധേയരായ സ്ത്രീയെ ഐ ടി വകുപ്പിന്റെ കീഴിലുള്ള പ്രത്യേക പ്രൊജക്ടില്‍ നിയമിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ പി ഡബ്ല്യൂ സിക്കെതിരെ നടപടി ഉണ്ടാകും. അല്ലാതെ ഓരോരുത്തരുടേയും അഭിപ്രായത്തിന് അനുസരിച്ച് നടപടി എടുക്കാനാകില്ല. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ ഇതനുസരിച്ചുള്ള കാരണങ്ങള്‍ പുറത്തുവരണം. അന്വേഷണത്തില്‍ അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പുറത്തുവരട്ടെ. അപ്പോള്‍ നടപടി സ്വീകരിക്കും. കടുത്ത നടപടി ഉണ്ടാകും. സര്‍ക്കാര്‍ നടപടികള്‍ വസ്തുതയുടെ അടിസ്ഥാനത്തിലാണ് എടുക്കുക. എന്നാല്‍ ആരോപണ വിധേയയായ ഒരു സ്ത്രീയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആക്ഷേപത്തിലാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത്. യു ഡി എഫ് ആണെങ്കില്‍ ഇത്തരം ഒരു നടപടി സ്വപ്‌നം കാണാനാകൂമോ.സ്വര്‍ണക്കടത്ത് അടക്കം മറ്റ് ഏതെങ്കിലും വിഷയത്തില്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷണത്തില്‍ പുറത്തുവരട്ടെ. നടപടി ഉണ്ടാകുമോയെന്ന് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.