Connect with us

National

രാജസ്ഥാന്‍; 101 എം എല്‍ എമാരെ അണിനിരത്തി ഗെലോട്ട്- എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

Published

|

Last Updated

ജയ്പൂര്‍ |  ഉപമുഖ്യമന്ത്രിയും പി സി സി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമത നീക്കം തുടരുന്നതിനിടെ 102 എം എല്‍ എമാരെ അണിനിരത്തി കരുത്തറിയിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരിലെ തന്റെ വസതിയില്‍ നടത്തിയ യോഗത്തിലാണ് 102 എം എല്‍ എമാരെ പങ്കെടുപ്പിക്കാന്‍ ഗെലോട്ടിന് കഴിഞ്ഞത്.

ഇപ്പോള്‍ പത്തില്‍ താഴെ എല്‍ എമാര്‍ മാത്രമാണ് സച്ചിനൊപ്പം ഉറച്ച് നില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. സച്ചിനടക്കം എല്ലാവരേയും മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സച്ചിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതിനിടെ യോഗത്തിലെത്തിയ മുഴുവന്‍ എം എല്‍ എമാരെയും അഢംബര റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. ബി ജെ പിയുടെ കുതിരക്കച്ചവട നീക്കം തടയുന്നതിനാണ് റിസോര്‍ട്ടിലേക്ക് മാറ്റുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

നേരത്തെ 30 എം എല്‍ എമാര്‍ സച്ചിനൊപ്പമുണ്ടെന്ന അവകാശവദമായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെല്ലുവിളി ഏറ്റെടുത്ത് ഗെലോട്ട് ആകെയുള്ള 107 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 102 പേരെ അണിനിരത്തി യോഗം നടത്തിയത്. നേരത്തെ രാജസ്ഥാനില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ട് സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിയിലേക്ക് പോയ മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ തിരിച്ചെത്തി ഗെലോട്ടിന്റെ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് തിരിച്ചെത്തിയ രോഹിത് ബോറ, ഡാനിഷ് അബ്രാര്‍, ചേതന്‍ ഡുഡി എന്നീ എം എല്‍ എമാര്‍ പറഞ്ഞു.

സാധാരണ നടത്താറുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡല്‍ഹിയിലേക്ക് പോയത്. മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കേണ്ടതില്ല. അശോക് ഗെലോട്ട് ഗ്രൂപ്പ്, സച്ചിന്‍ പൈലറ്റ് ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളെ സൃഷ്ടിച്ചത് മാധ്യമങ്ങളാണെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ ഗെലോട്ടിന്റെ യോഗത്തില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഇത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 200 അംഗ രാജസ്ഥാന്‍ അസംബ്ലിയില്‍ 101 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് ആവശ്യം.

അതിനിടെ സച്ചിന്‍ പൈലറ്റ് ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും കര്‍ണാടക പി സി സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഡി കെ ശിവകുമാര്‍ പറഞ്ഞു.
ബി ജെ പി അവരുടെ അജണ്ട പ്രകാരം കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഡി കെ കൂട്ടിച്ചേര്‍ത്തു.

 

 

Latest