Connect with us

National

പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനം പഠിക്കാൻ ആവശ്യപ്പെട്ടു; സ്‌കൂളിനെതിരെ നടപടി

Published

|

Last Updated

റാഞ്ചി| പ്രൈമറി ക്ലാസുകളിലെ കുട്ടികളോട് പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനം പഠിക്കാൻ ആവശ്യപ്പെട്ട സ്‌കൂളിനെതിരെ നടപടി. ജാർഖണ്ഡിലെ കിഴക്കൻ സിംഗ്ബൂം ജില്ലയിലെ ഘട്‌സയിലെ ഒരു സ്വകാര്യ സ്‌കൂളിനെതിരെയാണ് നടപടി എടുത്തത്. ഇതേത്തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് പാഠ്യപദ്ധതി പിൻവലിച്ചു.

ഓൺലൈൻ ക്ലാസിനിടെ എൽ കെ ജി, യു കെ ജി ക്ലാസുകളിലെ വിദ്യാർഥികളോട് പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനം കാണാതെ പഠിക്കാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ദേശീയഗാനത്തിന്റെ വരികളും യൂട്യൂബ് വീഡിയോകളും സ്‌കൂൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. വിഷയം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് മാതാപിതാക്കൾ സ്‌കൂൾ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു. പിന്നീട് മുൻ എം എൽ എയും സംഭവം ഏറ്റെടുത്തു. സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ രണ്ട് അംഗ സംഘത്തെ നിയോഗിച്ചതായി റിപ്പോർട്ട് സമർപ്പിച്ചു.

ദേശവിരുദ്ധ മനോഭാവമുള്ള അധ്യാപകനെതിരെ നടപടിയെടുക്കണം. കുട്ടികളിൽ ദേശവിരുദ്ധം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ഞങ്ങൾക്ക് അത് സഹിക്കില്ലായെന്നും രക്ഷാകർതൃ അസോസിയേഷൻ പ്രസിഡന്റ് അജയ് റായ് പറഞ്ഞു.

അതേസമയം, സ്‌കൂൾ മാനേജ്‌മെന്റിന്റെ നിർദേശം മാത്രമാണ് താൻ പിന്തുടർന്നതെന്നും വിദ്യാർഥികളുടെ പൊതുവായ അറിവ് വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധ്യാപകൻ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് പാഠ്യപദ്ധതി പിൻവലിച്ചുവെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

സ്‌കൂളിനും അധ്യാപകനുമെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജഗന്നാഥ് മഹ്‌തോ പറഞ്ഞു.

Latest