Connect with us

National

ബി ജെ പി മന്ത്രിയുടെ മകനെയും സുഹൃത്തുക്കളെയും തടഞ്ഞ വനിതാ കോൺസ്റ്റബിളിനെ സ്ഥലം മാറ്റി

Published

|

Last Updated

സൂറത്ത്| സൂറത്തിൽ കർഫ്യൂ ലംഘിച്ച് വാഹനത്തിൽ സഞ്ചരിച്ച ഗുജറാത്ത് എം എൽ എയുടെ മകനെയും സുഹൃത്തുക്കളെയും തടഞ്ഞ വനിതാ കോൺസ്റ്റബിളിനെ സ്ഥലംമാറ്റി. സുനിത യാദവ് എന്ന കോൺസ്റ്റബിളിനെയാണ് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്ഥലം മാറ്റിയത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്കാണ് സ്ഥലംമാറ്റം. വരാച്ച എം എൽ എയും ആരോഗ്യ മന്ത്രിയുമായ കുമാർ കനാനിയുടെ മകൻ പ്രകാശ് കനാനിയെയും സുഹൃത്തുക്കളെയും തടഞ്ഞതിലാണ് സ്ഥലം മാറ്റം.

ബുധനാഴ്ച 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊവിഡിന്റെ വ്യാപനം മൂലം ഗുജറാത്തിൽ രാത്രി കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് പോലും ധരിക്കാതെ രാത്രികാല കർഫ്യൂ ലംഘിച്ച് ഡ്രൈവിങ്ങിനിറങ്ങിയ പ്രകാശിന്റെ സുഹൃത്തുക്കളെ സുനിത യാദവ് പിടികൂടിയത്.

സുഹൃത്തുക്കൾ ഉടൻ തന്നെ പ്രകാശിനെ ഫോണിലൂടെ വിളിച്ചു. തുടർന്ന് അച്ഛന്റെ വാഹനത്തിൽ പ്രകാശ് സംഭവസ്ഥലത്തെത്തി. ശേഷം ഇവർ തമ്മിൽ വാക്കേറ്റം നടക്കുകയും അത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. വീഡിയോയിലെ ഓഡിയോയിൽ 365 ദിവസം സർവീസിൽ തുടരുന്നത് കാണാമെന്ന തരത്തിൽ മന്ത്രിയുടെ മകൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഞാൻ നിങ്ങളുടെ അടിമയല്ലെന്നായിരുന്നു കോൺസ്റ്റബിളിന്റെ മറുപടി.

സംഭവത്തിൽ സൂറത്ത് കമ്മീഷണർ ആർ ബി ബ്രഹ്മദത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അവധയിയിൽ പോയ സുനിത യാദവ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest